
തൃശൂര്‍ ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്പെഷ്യല്‍ ഡ്രൈവില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 141 അബ്കാരി കേസുകളും 51 എന്‍.ഡി.പി.എസ് കേസുകളുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍. ഇതില്‍ സ്പിരിറ്റ് കലര്‍ന്ന 558 ലിറ്റര്‍ കള്ള്, 356 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 86 ലിറ്റര്‍ ചാരായം, 732 ലിറ്റര്‍ വാഷ്, 8.2 ലിറ്റര്‍ ബിയര്‍, 36 ലിറ്റര്‍ അരിഷ്ടം, മൂന്ന് കിലോ കഞ്ചാവ്എട്ട് കിലോ കഞ്ചാവ് കലര്‍ന്ന മിഠായികള്‍, 463.17 ഗ്രാം ഹാഷിഷ് ഓയില്‍, മെത്താഫെറ്റാമിന്‍- 2.165 ഗ്രാം, കഞ്ചാവ് ചെടികള്‍- 3 എണ്ണം, 470 കിലോ പുകയില ഉത്പ്പന്നങ്ങള്‍, ആറ് വാഹനങ്ങള്‍ എന്നിവ പിടികൂടി.
ഫെബ്രുവരി 23 മുതലാണ് സ്പിരിറ്റ് കടത്ത്, വ്യാജ മദ്യം, വ്യാജവാറ്റ്, വ്യാജ മദ്യ വ്യാപനം, ചാരായം നിര്‍മാണം, സ്പിരിറ്റ് ചാരായമായും നിറം കലര്‍ത്തി വിദേശമദ്യമായും ഉപയോഗിക്കല്‍, കള്ളിന്റെ വീര്യവും അളവും കൂട്ടാനുള്ള മായം ചേര്ക്കലുകള് എന്നി പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് തുടങ്ങിയത്. വ്യാജമദ്യവും, ലഹരിമരുന്നുകളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യവും ഈ കാലയളവില്‍ കേരളത്തിലേക്ക് എത്തുന്നതിന് സാധ്യത കൂടുതലായതിനാല്‍ വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
ചരക്ക് ഇല്ലാതെ വരുന്ന വാണിജ്യ വാഹനങ്ങള്‍, എക്സൈസ് ചെക്ക്പോസ്റ്റ് വഴി കടന്നുവരുന്ന പച്ചക്കറി, മത്സ്യം എന്നിവ കയറ്റി വരുന്ന വാഹനങ്ങള്‍, ടാങ്കര്‍ ലോറി തുടങ്ങിയവ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചും പരിശോധന ഊര്‍ജിതമാണെന്ന് കമ്മീഷണര്‍ അറിയിച്ചു. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ലേബര്‍ ക്യാമ്പുകളിലും ഇവര്‍ എത്തുന്ന ട്രെയിനുകളിലും ശക്തമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.






