
എരുമേലി: ഏതു സമയവും കൊലവിളിയുമായെത്തുന്ന വന്യമൃഗങ്ങള്‍ക്കു മുന്നില്‍ പകച്ചുമലയോര ജനത. ജീവന് തന്നെ നഷ്ടമാകുന്ന തുടര്‍ അനുഭവങ്ങളെത്തുടര്ന്നു, പ്രായമായവരെയും കുട്ടികളെയുമായി നാട് തന്നെ ഉപേക്ഷിക്കാനൊരുങ്ങി ഒരു ജനത. ഒരാഴ്ചയായി വട്ടപ്പാറ, പുളിയങ്കുന്നുമല, പി.ആര്.സി മേഖലയില്‍ ഒറ്റയാന് സ്ഥിരമായുണ്ടായിരുന്നു. നിരവധി പേരുടെ കൃഷികള്‍ ഇതിനകം നശിപ്പിച്ചിരുന്നു. ഈ ഒറ്റയാനാണ് ഇന്നലെ പുലര്‍ച്ചെ പത്തനംതിട്ട തുലാപ്പള്ളിയില്‍ പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു(50)വിന്റെ ജീവനെടുത്തത്.
റാന്നി, പെരിയാര്‍ ടൈഗര്‍ റിസര്‍വ്, എരുമേലി റേഞ്ച് പരിധിയിലുള്ളതാണ് പമ്പാവാലി, തുലാപ്പള്ളി, കണ്ണിമല പ്രദേശങ്ങള്‍. രൂക്ഷമായ വന്യമൃഗ ശല്യത്തെ തുടര്‍ന്നു ചില കുടുംബങ്ങള്‍ ഇതിനകം തന്നെ വീടും സ്ഥലവും ഉപേക്ഷിച്ചു പോയിക്കഴിഞ്ഞു. ഇന്നലെ ഒറ്റയാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബവും ഇത്തരത്തില്‍ മാറി താമസിക്കുന്നതിനുള്ള ആലോചനയിലായിരുന്നു.
ബിജുവിന്റെ വീടിന്റെ 150 മീറ്റര്‍ അകലെയാണു വനം തുടങ്ങുന്നത്. ആള് താമസം കുറവായതിനാല്‍ മിക്ക സമയവുംകാട്ടു മൃഗങ്ങള്‍ ഇവിടെ എത്തുന്നുണ്ടെന്നു പ്രദേശവാസികള്‍ പറയുന്നു. തെങ്ങ്, കമുക്, വാഴ,ഇഞ്ചി, മഞ്ഞള്‍ എന്നിവ ആന തിന്നും ചവിട്ടിയും നശിപ്പിക്കുമ്പോള്‍ വാഴക്കുല, തേങ്ങ, കൊക്കോ, കപ്പ എന്നിവ കുരങ്ങ്, മലയണ്ണാന്, ഇതിനോട് രൂപ സാമ്യമുള്ള വെങ്ങാന്‍ എന്നിവ മൊത്തമായി നശിപ്പിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാത്തവരാണ് ഇവിടെ തന്നെ തുടരുന്നത്. കാട്ടു മൃഗ ശല്യം മൂലം കൃഷി ഉപേക്ഷിച്ച സ്ഥലങ്ങള്‍ മിക്കതും കാടു കയറി വന സമാനമായി. താമസം ഉപേക്ഷിച്ച വീടുകളുംകൂടി ആകുമ്പോള്‍ പ്രദേശം വിജനം. പുലച്ചെയുള്ള ടാപ്പിങ്ങ്, മറ്റു ജോലികള്‍ എന്നിവക്കെല്ലാം ഭയം തടസമാകുന്നു. കുട്ടികളെ വിദ്യാലയങ്ങളില്‍ അയക്കാനും രക്ഷിതാക്കള്‍ മടിക്കുകയാണ്.
ഒരുവര്‍ഷം തികയും മുമ്പേ രക്തസാക്ഷികള്‍ മൂന്ന്...
എരുമേലി: വര്‍ഷമൊന്നു തികയും മുമ്പേ മൂന്നാമത്തെ രക്തസാക്ഷിയും... വീട്ടുമുറ്റത്തു പത്രം വായിച്ചിരുന്നയാളെയും റബര്‍ ടാപ്പ് ചെയ്തിരുന്നയാളെയും കാട്ടുപോത്ത് കുത്തിക്കൊന്നത് കഴിഞ്ഞ മേയില്‍. കണമല പുറത്തേല്‍ ചാക്കോ, പ്ലാവനാക്കുഴി തോമസ് എന്നിവരാണു കാട്ടുപോത്തിന്റെ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അന്നു മുതല്‍ എല്ലാ മാസമങ്ങളിലും പ്രദേശത്ത് ആന, പുലി, കടുവ തുടങ്ങി വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടാകാറുണ്ട്. ഇതിനു പിന്നാലെയാണു കാട്ടാനക്കലിയില്‍ ഇന്നലെ ഒരു ജീവന് നഷ്ടമായത്.
പുളിയങ്കുന്ന് മേഖലയില്‍ ആനക്കുപുറമേ പുലിയും കാട്ടുപോത്തും ദിവസങ്ങളായി ഭീതി പരത്തുകയാണെന്നു പ്രദേശ വാസികള്‍ പറയുന്നു. നിരവിധി വളര്‍ത്തുനായ്കളെ മേഖലയില്‍ കൂട്ടത്തോടെ കാണാതാവുകയാണ്. ഇതേ സ്ഥലത്തെ അലക്സ് കുട്ടിയെന്ന ആളുടെ പൂട്ടിയിട്ടിരുന്ന നായയെ പകുതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയതു കഴിഞ്ഞ ദിവസമാണ്.
പുലിയെ കണ്ടു ഭയന്നോടി വീണ് ഒരാള്‍ക്ക് പരുക്കേറ്റതും അടുത്ത നാളില്‍ തന്നെ. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പുലിയെ വീടിന് തൊട്ടടുത്തു കണ്ടെു ഭയന്ന് വീടിനുള്ളില്‍ ഓടിക്കയറിയതും കണ്ണിമലയില്‍ പത്ര ഏജന്റിന് കട്ടാനയുടെ മുന്നില്‍ നിന്നോടുന്നതിനിടയില് വീണു പരുക്കേറ്റതും അടുത്ത നാളുകളില്‍ തന്നെ. സൗരോര്‍ജവേലി, കിടങ്ങുകള്‍ എന്നിവ വനത്തോട് ചേര്‍ന്നുള്ളവരുടെ പ്രധാന ആവിശ്യം ആണെങ്കിലും കൃത്യമായ ആസൂത്രണം ഇല്ലാത്തത് നിര്‍മ്മിക്കുന്നവയുടെ പ്രയോജനം തന്നെ ഇല്ലാതാകുന്നു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ മൂന്നു ജില്ലകളുടെ അതീര്‍ത്തി പ്രദേശങ്ങളാണു പമ്പാവാലി മേഖല. പമ്പ, അഴുത നദികളുടെ ഇരു വശങ്ങളിലായാണ് ഈ മേഖലയിലെ ആയിരക്കണക്കിനു കുടുംബങ്ങള്‍ താമസിക്കുന്നത്. മൂന്നു ജില്ലകളുടെയും സംയുക്തമായ നടപടികള്‍ ഒരേ സമയം ഉണ്ടാകാറില്ല. ഒരു ജില്ലയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ ഫെന്‍സിങ് അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പോലും അടുത്ത ജില്ലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഇത് ആരംഭിച്ചിട്ടുപോലും ഉണ്ടാകാറില്ല. ഇതു വഴി ആനകള്‍ കൂട്ടത്തോടെയും അല്ലാതെയും നാട്ടിലിറങ്ങുന്നു. മതിയായ ആറ്റകുറ്റപണികളും ഇല്ലാത്തത് ലക്ഷങ്ങള്‍ പാഴാക്കുന്നതിനും കാരണമാകുന്നു.
കണമലയില്‍ പ്രതിഷേധം അണപൊട്ടി
എരുമേലി: തുലാപ്പള്ളയിയില് ഗൃഹനാഥന് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പരിഹാര നടപടികള്‍ ആവശ്യപ്പെട്ട് കണമലയില്‍ അരങ്ങേറിയത് വന്‍ പ്രതിഷേധം. വനം വകുപ്പ് ഓഫീസിനു മുന്നില്‍ ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തില്‍ നാട്ടുകാരും പോലീസുമായി ഉന്തും തള്ളും ഉണ്ടായി. പിന്നീട് ആന്റോയും പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.പിന്നീട്, പത്തനംതിട്ട കലക്ടര്‍ പ്രേംകൃഷ്ണന്‍, ഡി.എഫ്. ഒ. എന്നിവരെത്തുകയും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചര്‍ച്ചയിലെ തീരുമാനങ്ങള്‍ എം.പി ജനങ്ങളെ അറിയിക്കുകയും ചെയ്തതോടെയാണു പ്രതിഷേധത്തിനു താത്കാലിക ശമനമായത്.
ബിജുവിന്റെ കുടുംബത്തിന് അടിയന്തര ധന സമയമായി പത്തു ലക്ഷം രൂപാ ഉടന്‍ കൈമാറും. 50 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ബാക്കി തുക സംബന്ധിച്ച് സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയില്‍ പെടുത്തും. മകന് ഇതേ ഫോറെസ്റ്റ് ഓഫീസില്‍ താത്കാലിക ജോലി നല്‍കും. സ്ഥിര ജോലി സംബന്ധിച്ച് സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയില്‍ പെടുത്തുമെന്നുമായിരുന്നു തീരുമാനം. സൗരോര്‍ജ വേലി, കിടങ്ങുകള്‍, ക്രഷ് ബാരിയറുകള്‍ എന്നിവ എവിടെയൊക്കെ വേണമോ അതാതിടത്ത് ഇവ സ്ഥാപിക്കാന്‍ അടിയന്തര നടപടി ഉണ്ടാകും.
ബിജുവിനെ ആക്രമിച്ച ഒറ്റയാന് ഇതിനുമുന്‍പ് ഒരാളെ കോലപ്പെടുത്തുകയും തീര്‍ത്ഥാടക വാഹനം ആക്രമിക്കുകയും ചെയ്തിട്ടുള്ളതാണ്.കഴിഞ്ഞ ഒരാഴ്ചയായി ഈ ഒറ്റയാന് മേഖലയില്‍ ഭീതി സൃഷ്ടിക്കുന്നു. അതിനാല്‍ ഈ ഒറ്റയാനെ വെടിവെച്ചു കൊല്ലുന്നത് സര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്തും. മന്ത്രി വീണാ ജോര്‍ജ് ബിജുവിന്റെ കുടുംബത്തിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. പ്രമോദ് നാരായണന് എം.എല്‍.എയും രാവിലെ മുതല്‍ സ്ഥലത്തുണ്ടായിരുന്നു.






