
സംഗീതജീവിതം അവസാനിപ്പിക്കുന്നുവെന്നു സൂചന നല്കി അമേരികളകന് ഗായികയും ഗ്രാമി പുരസ്കാര ജേതാവുമായ ലിസോ. നിരന്തരം നേരിടേണ്ടിവരുന്ന സൈബര്‍ ആക്രമണങ്ങള്‍ തന്റെ മനസ്സിനെ അസ്വസ്ഥമാക്കി. പലരും തന്നെ അകറ്റി നിര്‍ത്തുകയും അനാദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും ലിസോ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ജോ ബൈഡന്റെ ഇലക്ഷന് ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍ ലിസോ ഒരു സംഗീതപരിപാടി നടത്തിയിരുന്നു. പിന്നാലെ ഗായികയ്ക്കെതിരെ വിമര്‍ശനസ്വരങ്ങള്‍ തലപൊക്കി. സൈബര്‍ ആക്രമണം രൂക്ഷമായപ്പോഴാണ് താന്‍ എല്ലാം അവസാനിപ്പിക്കുകയാണെന്നും സൂചിപ്പിച്ച് കുറിപ്പുമായി ലിസോ എത്തിയത്.
ജീവിതത്തിലും ഇന്റര്‍നെറ്റിലും എല്ലാവരാലും വലിച്ചിഴക്കപ്പെടുന്നതു സഹിച്ച് ഞാന്‍ മടുത്തു. സംഗീതം സൃഷ്ടിക്കുകയും ആളുകളെ സന്തോഷിപ്പിക്കുകയും ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അതുമാത്രമാണ് എനിക്കാവശ്യം.
എന്നാല്‍ ലോകം എന്നെ ആഗ്രഹിക്കുന്നില്ലന്ന് എനിക്കു തോന്നിത്തുടങ്ങി. കാഴ്ചക്കാരെ സൃഷ്ടിക്കാന്‍ പലരും എനിക്കെതിരെ പ്രചരിപ്പിക്കുന്ന നുണകളെ ഞാനെപ്പോഴും എതിര്‍ത്തിട്ടുണ്ട്.
എന്റെ ശരീരപ്രകൃതം നോക്കി പലരും തമാശകള്‍ മെനഞ്ഞെടുക്കുന്നു. എന്നെ അറിയാത്ത ആളുകള്‍ എന്നെ അകറ്റിനിര്‍ത്തുകയും എന്റെ പേരിനോട് അനാദരവ് കാണിക്കുകയും ചെയ്യുന്നു. അതിനാല്‍ ഞാന്‍ എല്ലാം ഉപേക്ഷിക്കുന്നു- ലിസോ കുറിച്ചു.
ഗായികയുടെ വാക്കുകള്‍ ഇപ്പോള്‍ സജീവചര്‍ച്ചാ വിഷയമായിരിക്കുകയാണ്. നിരവധി പേര് ലിസോയ്ക്കു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തുന്നുണ്ട്. അതേസമയം മറുവശത്ത് സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമാവുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളില്‍ നിന്നാണോ അതോ സംഗീതലോകത്തുനിന്നാണോ ലിസോയുടെ പിന്മാറ്റമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.






