ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ എഎപി നേതാവും എം.പിയുമായ സഞ്ജയ് സിംഗിന് ജാമ്യം. അറസ്റ്റിലായി ആറ് മാസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. സഞ്ജയ് സിംഗിനെ ഇനിയും കസ്റ്റഡിയില്‍ വയ്ക്കേണ്ട ആവശ്യമുണ്ടോയെന്ന് രാവിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതി ഇ.ഡിയോട് ചോദിച്ചിരുന്നു. രണ്ട് മണിക്ക് മറുപടി നല്‍കാനും നിര്‍ദേശിച്ചിരുന്നു.
എഎപി നേതാവ് ഇതിനകം ആറ് മാസം റിമാന്‍ഡ് പൂര്‍ത്തിയാക്കിയെന്നും രണ്ട് കോടി രൂപ കോഴ വാങ്ങിയെന്ന അദ്ദേഹത്തിനെതിരായ ആരോപണം വിചാരണ സമയത്ത് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ഇ.ഡിയുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
അതിനിടെ, കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ റിമാന്‍ഡ് കോടതി ഈ മാസം 15 വെര നീട്ടി. അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ലെന്നും റിമാന്‍ഡില്‍ തുടരണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. കസ്റ്റഡി കാലാവധി കഴിഞ്ഞ കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്നും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. ഇതോടെ റിമാന്‍ഡില്‍ തിഹാര്‍ ജയിലിലേക്ക് അയക്കാന്‍ കോടതി ഉത്തരവിട്ടു.
കെജ്രിവാളിന്റെ വസതിയില്‍ ചേര്‍ന്ന എഎപി എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. കെജ്രിവാള് രാജിവയ്ക്കരുതെന്നും ജയിലില്‍ നിന്ന് സര്‍ക്കാരിനെ നയിക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.






