ന്യുഡല്‍ഹി: താന്‍ ഉടന്‍തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്ന് ഡല്‍ഹിക്കാര്‍ക്ക് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കത്ത്. തിഹാര്‍ ജയിലില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്. മികച്ച സ്കൂള്‍, വിദ്യാഭ്യാസം എന്നിവയ്ക്കായി നല്ല പോരാട്ടം നടത്തിയ പാര്‍ട്ടിയാണ്. സ്വതന്ത്ര്യത്തിന് വേണ്ടി എല്ലാവരും പോരാടിയപോലെയാണ് ഈ പാര്‍ട്ടി നടത്തിയ പോരാട്ടമെന്നും സിസോദിയ കത്തില്‍ പറയുന്നു.
ബ്രിട്ടീഷ് സേച്ഛാധിപത്യത്തിന് ശേഷമാണ് സ്വാതന്ത്ര്യം നമ്മുക്ക് പ്രാപ്യാമായത്. അതുപോലെ എല്ലാ കുട്ടികള്‍ക്കും ശരിയായ വിദ്യാഭ്യാസം കിട്ടുന്ന ഒരു ദിവസം വരും. വൈകാതെ നമ്മുക്ക് പുറത്തുവച്ച് കാണാം. അധികാരത്തിന്െ അഹങ്കാരത്തില്‍ ബ്രിട്ടീഷുകാര്‍ മഹാത്മ ഗാന്ധിയേയും നെല്‍സണ്‍ മണ്ടേലയേയും ജയിലിലടച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.
അധികാരത്തിന്റെ അഹങ്കാരം ഉപയോഗിച്ച് വ്യാജ കുറ്റങ്ങള്‍ ചുമത്തി ബ്രട്ടീഷുകാര്‍ക്ക് ആരെയൂം ജയിലിടയ്ക്കാന്‍ കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവരെ ജയില്‍ ഭിത്തികള്‍ക്കുള്ളില്‍ അടയ്ക്കാമെന്ന് അവര്‍ കരുതിയെന്നും മാര്‍ച്ച് 15ന് തീയതി വച്ച് അയച്ച കത്തില്‍ പറയുന്നു.
ഗാന്ധിയും മണ്ടേലയുമാണ് തന്റെ മാര്‍ഗദര്‍ശികളെന്ന് മണ്ഡലത്തിലെ വോട്ടര്‍മാരോട് പറയുന്ന സിസോദിയ, നിങ്ങളാണ് എന്റെ ശക്തി. ജയിലില്‍ കഴിയുമ്പോഴും നിങ്ങളോടുള്ള എന്റെ സ്നേഹം കൂടിയിട്ടേ ഉള്ളുവെന്നും ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഇ.ഡി അറസ്റ്റു ചെയ്ത സിസോദിയ കഴിഞ്ഞ 13 മാസമായി ജയിലിലാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ബിആര്‍എസ് നേതാവ് കെ.കവിത എന്നിവരെയും കേസില്‍ പെടുത്തി കഴിഞ്ഞ മാസം അറസ്റ്റു ചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായ എഎപി നേതാവ് സഞ്ജയ് സിംഗ് കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു.






