
തൃശൂര്‍: സി.പി.എമ്മിനെതിരേ ഇ.ഡിയും ആദായനികുതി വകുപ്പും നടപടി ശക്തമാക്കിയത് തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക വര്‍ധിപ്പിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറിയടക്കമുള്ള പ്രധാന നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തതും ജില്ലാ കമ്മിറ്റിയുടെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും ഇടതുമുന്നണിയെയാകെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കു ശേഷമാണ് അഞ്ചുകോടിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. സി.പി.എമ്മിന് ജില്ലയില്‍ വിവിധ സഹകരണ ബാങ്കുകളിലും മറ്റുമായി രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തല്‍. ജില്ലയില്‍ മാത്രം സി.പി.എമ്മിന് 81 അക്കൗണ്ടുകള്‍ ഉണ്ടെന്നും അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നുമാണ് ഇ.ഡിയുടെ വിശദീകരണം. സി.പിഎമ്മിന് 91 ഇടങ്ങളില്‍ സ്വത്തു വകകള്‍ ഉണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ലെന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.
തങ്ങള്‍ക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് വ്യക്തമാക്കി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ.ഡിയും ആദായ നികുതി വകുപ്പും ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു വര്‍ഗീസിന്റെ പ്രതികരണം. ബാങ്ക് ഓഫ് ഇന്ത്യയില്‍ പാര്‍ട്ടിക്ക് അക്കൗണ്ട് ഉണ്ടെന്നും നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകള്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഇഡിയുടെയും ആദായ നികുതി വകുപ്പിന്റെയും നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. എം.എം. വര്‍ഗീസിനും പി.കെ. ബിജുവിനും നോട്ടീസ് നല്കി.






