
മലയാള സിനിമാപ്രേക്ഷകര്‍ ഒന്നോടെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ തിയേറ്ററുകളിലെത്തിയ ‘ആടുജീവിതം’. ബെന്യാമിന്റെ ജനപ്രീതി നേടിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. സിനിമ സംവിധാനം ചെയ്യുന്നത് ബ്ലെസി ആണെന്നുള്ളതും ഈ സിനിമയ്ക്ക് വേണ്ടിയുള്ള പൃഥ്വിരാജിന്റെ ബോഡി ട്രാന്‍സ്ഫോര്‍മേഷനും തിയറ്ററുകളിലെത്തിക്കാനെടുത്ത കാലദൈര്ഘ്യവുമൊക്കെ സിനിമയെ പ്രേക്ഷകര്‍ കാത്തിരിക്കാനും സ്വീകരിക്കാനുമുള്ള കാരണങ്ങളായി. നൂറു കോടി ക്ലബ്ബിലേക്ക് എത്തുന്ന സിനിമ മലയാളത്തിന്റെ മാസ്റ്റര്‍പീസ് ഗണത്തിലേക്കാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ എടുത്തുയര്‍ത്തുന്നത്. മുന്‍പ് ഈ സിനിമ സംവിധാനം ചെയ്യാനിരുന്നത് ലാല്‍ ജോസാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ബ്ലെസിയെക്കൂടാതെ മറ്റ് രണ്ട് സംവിധായകരും ആടുജീവിതം സിനിമയാക്കാന്‍ തന്നെ സമീപിച്ചിരുന്നുവെന്നും, അത് ലാല്‍ജോസും അടൂര്‍ ഗോപാലകൃഷ്ണനുമായിരുന്നുവെന്നും ബെന്യാമിന് പറഞ്ഞിരുന്നു. അറബിക്കഥ വന്നതുകൊണ്ട് ആടുജീവിതത്തില്‍ നിന്ന് ലാല്‍ജോസ് പിന്മാറുകയായിരുന്നുവെന്ന് ബെന്യാമിന് അടുത്തിടെ ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴിതാ വാസ്തവം അതല്ലെന്ന് പറയുകയാണ് ലാല്‍ജോസ്. ആടുജീവിതം താന്‍ വേണ്ടെന്നുവെച്ച സിനിമയല്ല. ചില അഭിമുഖങ്ങളില്‍ ബെന്യാമിന് അങ്ങനെ പറഞ്ഞതായി കണ്ടുവെന്നുമാണ് ലാല്‍ ജോസ് പറയുന്നത്.
‘‘ആട് ജീവിതം വേണ്ടെന്ന് വെച്ചതല്ല. ആട് ജീവിതം വായിച്ചു ബഹറിനില്‍ പോയി ബെന്യാമിനെ കണ്ടു. എനിക്ക് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞു. അദ്ദേഹമത് സമ്മതിച്ചു. എല്‍ ജെ ഫിലിംസ് കമ്പനി രജിസ്റ്റര്‍ ചെയ്തത് ആ പടം ചെയ്യാന്‍ വേണ്ടിയായിരുന്നു. അതിനുശേഷം എല്‍ ജെ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി.
ഞാന്‍ മാത്രമുള്ള കമ്പനിയായിരുന്നു. എന്ത്കൊണ്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായത് എന്ന് ചോദിച്ചാല്‍ എനിക്ക് ഈ സിനിമ ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. കാരണം വിദേശ നിര്‍മ്മാണ കമ്പനിയുമായിട്ട് യോജിച്ച് ചെയ്യാനായിട്ടായിരുന്നു. ബ്രീട്ടീഷ് ഫിലിംകമ്പനിയില് ബ്രിട്ടീഷ് ഫിലിം കമ്പനികളും കേരളത്തിലെ ഫിലിം മേക്കേഴ്സ് കമ്പനികളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്രോഗ്രാമുണ്ടായിരുന്നു. അന്ന് ആ പരിപാടി വഴി ഒരു കണക്ഷന്‍കിട്ടി.
അന്നത്തെ എന്റെ പദ്ധതി പോസ്റ്റ് പ്രോഡക്ഷനും പ്രീപ്രൊഡക്ഷനും ഇന്ത്യയില്‍ ചെയ്യും, സിനിമ ഷൂട്ട് ചെയ്യുന്നത് ബ്രീട്ടീഷ് കമ്പനി അങ്ങനെയായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. കുറച്ചധികം സമയമെടുക്കുമായിരുന്നു. പുതിയയാളെയാരുന്നു കാസ്റ്റ് ചെയ്തിരുന്നത്. അന്ന് സിനിമയില്‍ അഭിനയിക്കുന്ന ഒരു നടനെ ഇത്രയും കാലം ബ്ലോക്ക് ചെയ്യുകയെന്ന് വെച്ചാല്‍ അന്ന് ഒരിക്കലും ഇത്രയും സമയമെടുക്കുമെന്ന് അറിയില്ല. ഏതായാലും ഒരു വര്‍ഷമെടുക്കും. മരുഭൂമിയിലെ നാല് സീസണുകള്‍ എടുക്കേണ്ടിവരും.
ഒരുവര്‍ഷം ഒരാളെ ഫുള്‍ കോണ്ട്രാക്ട ചെയ്തെടുക്കണം. ശരീരത്തിലെ മാറ്റങ്ങള്‍ ചെയ്യണം. ഈ രീതിയില്‍ ചെയ്യണമെങ്കില്‍ പുതിയയാളെ എടുക്കണം. അതിനു വേണ്ടി ഡല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നൊരാളെ കണ്ടുവെച്ചിരുന്നു. അഡ്വാന്‍സ് ചെയ്യാനോ കോണ്‍ട്രാക്ട് എടുക്കാനോ സാധിച്ചിരുന്നില്ല. ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല, രഹസ്യമായിരുന്നു. ബെന്യാമിനില്‍ നിന്നായിരിക്കും ഡിസി ബുക്സ് അറിഞ്ഞത്.
ആ സമയത്താണ് ഡിസി ബുക്സിന്റെ പച്ചക്കുതിരയില്‍ ലാല്‍ ജോസ് ആടുജീവിതം സിനിമയാക്കുന്നുവെന്ന് ഒരു വാര്‍ത്ത വന്നു. അവര്‍ക്ക് ബുക്കിനുള്ള പ്രചരണത്തിന് വേണ്ടിയായിരിക്കാം ചെയ്തത്. അപ്പോഴാണ് ബ്ലസി എന്നെ വിളിക്കുന്നത്. ആ സമയത്ത് ബ്ലസി ഒരു തിരക്കഥയെഴുതിയിരുന്നു. ആ തിരക്കഥയും ആടുജീവിതവും തമ്മില്‍ സാമ്യമുണ്ട്. അപ്പോഴാണ് ബ്ലസിയുടെ ഒരു സുഹൃത്ത് തിരക്കഥ വായിച്ചിട്ട് ആട് ജീവിതമെന്ന പുതിയൊരു നോവലുമായി സാമ്യമുണ്ടെന്ന്. ബ്ലസി വേഗത്തില്‍ ആടുജീവിതം വായിച്ചപ്പോള്‍ ശരിയാണ്.
ബെന്യാമിനെ വിളിക്കാമെന്ന് വെച്ചപ്പോഴാണ് പച്ചക്കുതിരയില്‍ ഇത് കാണുന്നത്. ബ്ലസി എന്നെ വിളിച്ചു ഒരുപാട് മുന്നോട്ട് പോയോ അല്ലെങ്കില്‍ എനിക്ക് തരാമോയെന്ന് ചോദിച്ചു. അങ്ങനെ ഒരു വര്‍ഷമായി എഴുതിയ തിരക്കഥ പൂര്‍ണമായും ഡ്രോപ് ചെയ്യേണ്ടിവന്നു. ഞാന്‍ പറഞ്ഞു ബെന്യാമിനുമായി സംസാരിക്കാന്‍ പറഞ്ഞു. എനിക്ക് തോന്നീ ബ്ലസി ചെയ്യുന്നതാണ് ബെന്യാമിന് സന്തോഷമെന്ന് മനസിലായപ്പോള്‍ അങ്ങനെ ഞാന്‍ വിട്ടുകൊടുത്തതാണ്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യമാണ്.
ആള്‍ക്കാര്‍ക്ക് അതെല്ലാം വിട്ടുപോകുന്ന കാര്യമാണ്. വലിയ പ്രൊജക്ടും താരങ്ങളില്ലാതെ ചെയ്യുന്ന സിനിമയുമായിരുന്നു ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത്. പുറമേ നിന്ന് നല്ല ഫണ്ടിംഗ് വേണമായിരുന്നു. ഒരു ഇന്റര്‍നാഷണല്‍ ഫിലിമായത് കൊണ്ട്. പരിചിതമായ മുഖമെന്ന് പ്രസക്തിയില്ലായിരുന്നു. എല്ലായിടത്തും ഒരു പോലെ പോകണമെന്നായിരുന്നു സങ്കല്‍പ്പം. ബ്ലസിയാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായിരുന്നു,ബ്ലസ്ലിക്ക് എഴുതാനുമറിയാം.
ഞാനാണെങ്കില്‍ സ്കിപ്റ്റിന് വേണ്ടിബെന്യാമിനെ ആശ്രയിക്കേണ്ടി വരും. ബെന്യാമിനുമായി ഒരുമിച്ചിരുന്നിട്ട് എഴുതാനാകൂ. ബ്ലസി എന്നേക്കാളും സീനിയറും, എഴുതാനുമറിയാം. അത് കൊണ്ടാണ് ഞാന്‍ വിട്ട് കൊടുത്തത്. അത് നന്നായെന്ന് എനിക്ക് തോന്നീ. ബ്ലസിയെപോലെ 14 വര്‍ഷം ചെലവഴിക്കാന്‍ എന്നെക്കൊണ്ട് സാധിക്കില്ല. ഞാന്‍ കുഞ്ഞുകുട്ടി പരാധീനതകളുള്ളയാളാണ്. അത്രയേറേ ക്ഷമയോട് കൂടി ബ്ലസി കടന്നുപോയത് ഞാന്‍ കണ്ടതാണ്. രാജുവിന്റെ ട്രാന്സ്ഫര്മേഷന്. രാജുവിന് എന്തെങ്കിലും സംഭവിച്ചുപോയാല്‍ ആള്ക്കാര് വെച്ചേക്കുമോ? ബോഡി ട്രാന്സ്ഫര്മേഷന് അപകടം പിടിച്ച പണിയാണ്. സൂക്ഷിക്കേണ്ട കാര്യമാണ്. അത്രയും റിസ്കെടുത്ത് ബ്ലസിയെപ്പോലെ ചെയ്യാന്‍ എനിക്ക് സാധിക്കില്ല...
അറബിക്കഥ ചെയ്തതുകൊണ്ടാണ് ഞാന്‍ പിന്മാറിയതെന്ന് ബെന്യാമിന് പറഞ്ഞിരുന്നു. അത് ശരിയല്ല. അറബിക്കഥയും ആടുജീവിതവും തമ്മില്‍ യാതൊരു ബന്ധവുമില്ലല്ലോ. അറബിക്കഥ 2006 ല്‍ വന്ന സിനിമയാണ്. അതിന് ശേഷമാണ് ആടുജീവിതം നോവല്‍ തന്നെ ഇറങ്ങുന്നത്. അത് പുള്ളി ഒരു ഓര്‍മ്മപ്പിശകില്‍ പറഞ്ഞതാവും...’’ ലാല്‍ ജോസ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്.






