
കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തില്‍ രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടിരുന്നതായി പോലീസിന്റെ കണ്ടെത്തല്‍. ബോംബ് നിര്‍മ്മിക്കാന്‍ ഡിവൈഎഫ്ഐ കുനോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലും ചികിത്സയിലുള്ള വിനീഷും നേതൃത്വം നല്‍കിയെന്നും അറസ്റ്റിലായ മറ്റുള്ളവര്‍ പങ്കാളിത്തം വഹിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടായിരുന്നു നിര്‍മ്മാണമെന്നും പറഞ്ഞു.
മുഖ്യ ആസൂത്രകനായ ഷിജാല്‍, അക്ഷയ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോകാന്‍ ഇവര്‍ക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയെന്നാണ് നിഗമനം. ഉദുമല്‍പേട്ടയിലാണ് ഷിജാലുണ്ടായിരുന്നത്. ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ ഇവര്‍ക്ക് എത്തിച്ചുനല്‍കിയത് ആരെന്നും സ്റ്റീല്‍ ബോംബുണ്ടാക്കാന്‍ പരിശീലനം എവിടുന്ന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.
എല്ലാ പ്രതികള്‍ക്കും ബോംബ് നിര്‍മ്മിക്കുന്ന കാര്യത്തെക്കുറിച്ച വ്യക്തത ഉണ്ടായിരുന്നു. ഡിവൈഎഫ്ഐ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. ഡിവൈഎഫ്ഐ നേതാക്കളായ അമല്‍ബാബുവിനും ഷിജാലിനും സായൂജിനും കേസില്‍ വ്യക്തമായ പങ്കുണ്ട്. പ്രദേശത്തുണ്ടായിരുന്ന ബോംബുകള്‍ ഒളിപ്പിച്ചതും സ്ഫോടനം നടന്ന സ്ഥലത്ത് മണല്‍ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതും അമല്‍ബാബുവും സായൂജുമാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അമല്‍ ബാബു ബോംബുകള്‍ ഒളിപ്പിച്ചു. നിര്‍മ്മാണത്തിലും തെളിവ് നശിപ്പിക്കലിലുമെല്ലാം കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സിപിഎം ആര്‍എസ്എസ് അനുഭാവികളാണ് ഇരുസംഘത്തിലും ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടായിരുന്നു പ്രതികള്‍ ബോംബ് നിര്‍മിച്ചത് എന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന സൂചന. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ പകയാണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്നും പോലീസ് കണ്ടെത്തലിലുണ്ട്. കേസില്‍ നേരിട്ട് പങ്കാളിത്തമുള്ളവരെല്ലാം ഇതിനോടകം പിടിയിലായി. പന്ത്രണ്ട് പ്രതികളില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഡാറ്റകളും ശേഖരിക്കുന്നുണ്ട്.
സന്നദ്ധ പ്രവര്‍ത്തകരായ ഡിവൈഎഫ്ഐ നേതാക്കളെയാണ് കേസില്‍ പ്രതികളാക്കിയതെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണത്തെ തള്ളുന്നതാണ് പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്. യൂണിറ്റ് ഭാരവാഹികളുണ്ടെന്ന് സംസ്ഥാന, ജില്ലാ നേതാക്കള്‍ സ്ഥിരീകരിച്ചെങ്കിലും പ്രാദേശിക നേതൃത്വം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഡിവൈഎഫ്ഐ ഭാരവാഹികള്‍ക്കെതിരെ കുറ്റം തെളിഞ്ഞാല്‍ മാത്രം നടപടിയെന്നാണ് സംഘടനയുടെ നിലപാട്. പ്രദേശത്തെ സംഘര്‍ഷ സാധ്യത മേഖലകളില്‍ അതീവ ജാഗ്രതയാണ്.






