
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിരിക്കെ ആദ്യഘട്ട തെരഞ്ഞെടുപ്പിനായി പത്രിക നല്‍കിയിരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികന് കോണ്‍ഗ്രസ് എം.പി. നകുല്‍നാഥ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് സമര്‍പ്പിച്ച പത്രികയില്‍ നല്‍കിയിരിക്കുന്ന ആസ്തിരേഖകളില്‍ 717 കോടി രൂപയുടെ സ്വത്ത് പേരിലുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
മദ്ധ്യപ്രദേശിലെ ചിന്ത്വാരയില്‍ നിന്നും മത്സരിക്കുന്ന അദ്ദേഹം കോണ്‍ഗ്രസിനൊപ്പമാണ് നില്‍ക്കുന്നത്. നേരത്തേ പിതാവ് കമല്‍നാഥും മകന് നകുലും പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇരുവരും അടുത്തിടെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഇരുവരും ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ഉയരുകയും ചെയ്തിതുന്നു.
2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ശേഷം പാര്‍ട്ടിയില്‍ കമല്‍നാഥ് അതൃപ്തിയിലായിരുന്നു എന്നാണ് പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം കോണ്‍ഗ്രസ് മാറിയതായി കമല്‍ നാഥിന് തോന്നിയതായും ഇത് പാര്‍ട്ടിയെ അറിയിച്ചതായും വൃത്തങ്ങള്‍ പറഞ്ഞു. 1979ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ തന്റെ മൂന്നാമത്തെ മകന് എന്ന് വിളിച്ചിരുന്നുവെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് കമല്‍നാഥ് വിടവാങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് നിഷേധിച്ചത്.
ഏറെ നിര്‍ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കും, ആദ്യ ഘട്ടം ഏപ്രില്‍ 19 ന് ആരംഭിക്കും. വോട്ടെണ്ണല്‍ ജൂണ്‍ 4 ന് നടക്കും. ഏപ്രില്‍ 19ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ത്ഥിയുടെയും ശരാശരി ആസ്തി 4.51 കോടി രൂപയാണ്. തമിഴ്നാടിന്റെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഈറോഡില്‍ നിന്നും മത്സരിക്കുന്ന അശോക് കുമാറിനാണ് പട്ടികയില്‍ രണ്ടാം സ്ഥാനം. 662 കോടിയാണ് ഇയാളുടെ ആസ്തി.






