
മനസ് തുറന്ന നിഷ്കളങ്കമായ പുഞ്ചിരിയും ഫലിതമുഹൂർത്തങ്ങളുമായി ഒരു കാലഘട്ടത്തെ സിനിമാ പ്രേക്ഷകരെ പിടിച്ചിരുത്തിയ നടിയാണ് കല്പന. അകാലത്തിൽ വിട്ടുപിരിയുമ്പോൾ, വേണ്ടപ്പെട്ട ആരെയോ നഷ്ടപ്പെട്ട പ്രതീതി തോന്നിയവർ ഏറെയുണ്ട്. ആ അമ്മയുടെ മകളും സിനിമയിലേക്ക് വരുന്നു. വർഷങ്ങൾ കടന്നു പോകുമ്പോൾ, ശ്രീമയി എന്ന മകൾ അമ്മയുടെ മറ്റൊരു പകർപ്പായി മാറുന്ന കാഴ്ചയുണ്ട്.
ട്രഡീഷണൽ വേഷമായ ചുരിദാർ ധരിച്ച്, കാതിൽ ഭാരമേറിയ ജുംഖയും കഴുത്തിൽ നെക്ലേസും അണിഞ്ഞ ചിത്രങ്ങൾ ശ്രീമയി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം ആരാധകർക്കായി പോസ്റ്റ് ചെയ്തു. ചിത്രങ്ങൾക്ക് വല്യമ്മ കലാരഞ്ജിനിയും കസിൻ കുഞ്ഞാറ്റയും ലൈക്ക് ചെയ്തു .
ഈ ചിത്രം കണ്ടാൽ കല്പനയെ ഓർക്കാൻ കഴിയാത്തവർ ഉണ്ടാകില്ല. ശ്രീമയിയുടെ പ്രായത്തിൽ കല്പന വേഷമിട്ട ചിത്രങ്ങളിൽ പലതിലും ഈ ഭാവം കണ്ടവർ ഓർക്കുന്നുണ്ടാവില്ലേ?
ചെറുപ്രായത്തിൽ ശ്രീമയി പഠിച്ചാൽ മാത്രം മതിയെന്നായിരുന്നു കുടുംബത്തിന്റെ തീരുമാനം. പഠനം പൂർത്തിയായതും സിനിമയിലേക്ക് തന്നെയെത്തി. വളരെ വർഷങ്ങൾക്ക് മുൻപേ ഒരു സിനിമ പ്രഖ്യാപിക്കപ്പെട്ടെങ്കിലും, ആ ചിത്രം പുറത്തുവന്നില്ല.
നടൻ ചേർത്തല ജയന്റെ ആദ്യ സംവിധാന ചിത്രത്തിൽ ഉർവശിക്കൊപ്പം ശ്രീമയി വെള്ളിത്തിരയിലെത്തും. സിനിമയുടെ പൂജ, ഷൂട്ടിംഗ് തുടങ്ങിയവ വളരെ മാസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു.






