
പത്തനംതിട്ട: സി.ബി.ഐയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനം തരപ്പെടുത്താമെന്ന് പറഞ്ഞ് അനില്‍ കെ. ആന്റണി 25 ലക്ഷം രുപ വാങ്ങിയിരുന്നുവെന്നും അത് തിരികെ കിട്ടാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ദല്ലാള്‍ നന്ദകുമാര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രഫ. പി.ജെ. കുര്യന്.
എന്നാല്‍, ദല്ലാള്‍ നന്ദകുമാര്‍ കുര്യന്റെ പേര് പറഞ്ഞാണ് തന്നെ വന്നു കണ്ടതെന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കുതികാല് വെട്ടിയാണ് കുര്യനെന്നും പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി. കഴിഞ്ഞ ദിവസം ദല്ലാള്‍ നന്ദകുമാര്‍ അനിലിനെതിരേ ഉയര്‍ത്തിയ ആരോപണം ശരിവച്ചു കൊണ്ടാണ് പി.ജെ. കുര്യന് ഇന്നലെ മാധ്യമങ്ങളെ കണ്ടത്. ' അനില്‍ ആന്റണി വാങ്ങിയ പണം തിരികെ വാങ്ങാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നന്ദകുമാര്‍ വന്നു കണ്ടിരുന്നു. നന്ദകുമാറിനായി താന്‍ ഇടപെടുകയും ചെയ്തു.
പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് എ.കെ. ആന്റണിയോടാണോ അനില്‍ കെ. ആന്റണിയോടാണോ എന്ന് ഓര്‍മയില്ല. ഇത് നിയമനകാര്യമാണോ എത്ര രൂപയുണ്ടെന്നോ ഒന്നും തനിക്ക് അറിഞ്ഞു കൂടാ. എന്തിനാണ് പണം വാങ്ങിയതെന്ന് താന്‍ ചോദിച്ചിട്ടില്ല.'- പി.ജെ.കുര്യന് പറഞ്ഞു. കുര്യന്റെ ആരോപണങ്ങളോട് രൂക്ഷമായിട്ടാണ് അനില്‍ കെ. ആന്റണി പ്രതികരിച്ചത്. ' 12 വര്‍ഷം മുന്‍പ് നന്ദകുമാര്‍ വന്നു കണ്ടിട്ടുണ്ട്. ദല്ലാള്‍ നന്ദകുമാര്‍ പി.ജെ.കുര്യന്റെ ആളായിട്ടാണ് തന്നെ വന്നു കണ്ടത്. എന്നിട്ട് കുര്യനെ ഫോണ്‍ വിളിച്ച് തനിക്ക് തന്നു. പല തവണ പല ആവശ്യങ്ങള്‍ പറഞ്ഞ് തന്നെ സമീപിച്ചിരുന്നു.
ഒരു ജഡ്ജിയെ മാറ്റണമെന്നായിരുന്നു ഒരിക്കല്‍ ഉന്നയിച്ച ആവശ്യം. നടക്കാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് പലപ്പോഴും വന്നിട്ടുള്ളത്. പി.ജെ. കുര്യന് ഉള്‍പ്പെട്ട പ്രമാദമായ കേസ് ഒത്തു തീര്‍പ്പാക്കിയതും നന്ദകുമാറാണ്. സ്വന്തം വീട്ടില്‍ വരെ മോഷണം നടത്തിയ ആളാണ് നന്ദകുമാര്‍.
കുര്യന് രാഷ്ട്രീയ കുതികാല് വെട്ടിയാണ്. കെ. കുരുണാകരനെയും എ.കെ.ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹം വഞ്ചിച്ചു. ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ ഗുരു പി.ജെ.കുര്യനും ചേര്‍ന്നാണ് നന്ദകുമാറിനെ ഇറക്കിയത്. പത്തനംതിട്ടയില്‍ താന്‍ ജയിക്കുമെന്ന് വന്നപ്പോഴാണ് ക്രിമിനലായ നന്ദകുമാറിനെ ഇറക്കിയിരിക്കുന്നത്. 2013 ന് ശേഷം താന്‍ നന്ദകുമാറിനെ കണ്ടിട്ടില്ല. പി.ജെ. കുര്യന് കള്ളം പറയുകയാണ്.'- അനില്‍ കെ. ആന്റണി പറഞ്ഞു.






