
മൂവാറ്റുപുഴ: രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയതിനു ആള്‍ക്കൂട്ട ആക്രമണത്തിനിരായായി ആശുപത്രിയില്‍ മരിച്ച അരുണാചല്‍പ്രദേശ് സ്വദേശി അശോക് ദാസിന്റെ മൃതദേഹം ജന്മനാട്ടില് എത്തിക്കുന്നതിനു തടസമാകുന്നത് പണം.
ഇതു മറികക്കുന്നതിനു ജില്ലാ ഭരണകൂടത്തിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടാനുളള ശ്രമം പോലീസ് ആരംഭിച്ചു. പണമില്ലാത്തതാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്താത്തതിനു കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഈ സാഹചര്യത്തില്‍ ആവശ്യമായ തുക കണ്ടെത്തി ബന്ധുക്കളെ മൂവാറ്റുപുഴയില്‍ എത്തിച്ച് മൃതദേഹം കൈമാറി അരുണാചല്‍ പ്രദേശില്‍ തിരിച്ച് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് കേരളാ പോലീസ്. കഴിഞ്ഞ 4-ന് രാത്രി കൊല്ലപ്പെട്ട അശോക് ദാസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ നിര്‍ദേശിച്ചതനുസരിച്ച് ഹൈദരാബാദില്‍ നിന്നുള്ള സുഹൃത്തുക്കള്‍ എത്തിയെങ്കിലും രക്തബന്ധം ഇല്ലാത്തവര്‍ക്കു മൃതദേഹം കൈമാറാന്‍ കഴിയില്ലെന്നു പോലീസ് വ്യക്തമാക്കിയതോടെ ഇവര്‍ മടങ്ങിയിരുന്നു. വീണ്ടും പൊലീസ് ബന്ധുക്കളെ ബന്ധപ്പെട്ടപ്പോഴാണു സാമ്പത്തിക ഞെരുക്കം അറിയിച്ചത്. ബംഗാളില്‍ ജോലിചെയ്യുന്ന അശോക് ദാസിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് ഹൈദരാബാദില്‍ ജോലി ചെയ്തിരുന്നു രണ്ടു സുഹൃത്തുക്കളെ മൃതദേഹം ഏറ്റുവാങ്ങാന്‍ മൂവാറ്റുപുഴയിലേക്ക് അയച്ചത്.
മൂവാറ്റുപുഴയില്‍ എത്തിയ ഇവര്‍ക്ക് അശോക് ദാസിന്റെ മരണകാരണം പോലും അറിയില്ലായിരുന്നു. അരുണാചലില്‍ നിന്നു ബന്ധുക്കള്‍ക്ക് ഇവിടെ എത്താനും മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകാനും കഴിയുന്ന സാമ്പത്തിക ശേഷിയില്ല എന്ന് അവര്‍ അന്നു തന്നെ പൊലീസിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് അനുവദിക്കുകയാണെങ്കില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ലേബര്‍ ഓഫിസറും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മൃതദേഹം ബന്ധുക്കള്‍ ആരെങ്കിലും ഏറ്റുവാങ്ങാതെ നാട്ടിലേക്ക് എത്തിക്കുന്നതിനു നിയമപരമായി തടസമുണ്ടെന്നാണു പൊലീസിന്റെ നിലപാട്. എന്നാല്‍ ഇവിടെ എത്തി മടങ്ങാനുളള സാമ്പത്തീകാവസ്ഥ മരിച്ച ആളുടെ ബന്ധുക്കള്‍ക്ക് ഇല്ലാത്തതാണ് വിനയായത്.






