
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളും വീഡിയോകളുമാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിചിത്രമായ ഡേറ്റിംഗ് അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനായുള്ള ഒരു ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം കൗതുകകരമായ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഡേറ്റ് ചെയ്തതില്‍ 50 സ്ത്രീകള്‍ തന്നോടൊപ്പമുള്ള ഡേറ്റിംഗ് മോശമാണെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെ അവര്‍ക്കെതിരെ കാമുകന് നിയമനടപടികള്‍ സ്വീകരിച്ച വാര്‍ത്തയാണിത്.
പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള സ്റ്റുവര്‍ട്ട് ലൂക്കാസ് മുറെ എന്ന വ്യക്തിയാണ് താനുമായി ഡേറ്റിംഗ് നടത്തിയ 50 സ്ത്രീകള്‍ക്കെതിരെ കേസ് കൊടുത്തത്. ഇവരുടെ പരാമര്‍ശം തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും അതിനാല്‍ നഷ്ടപരിഹാരമായി 2.6 മില്യണ്‍ ഡോളര്‍ (ഏകദേശം 21.60 കോടി രൂപ) വേണമെന്നുമാണ് സ്റ്റുവര്‍ട്ട് ലൂക്കാസ് മുറെയുടെ ആവശ്യം. 2022 -ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ആരംഭിച്ച ഒരു സ്വകാര്യ ഫേസ്ബുക്ക് ഗ്രൂപ്പിലാണ് യുവതികള്‍ ഇയാള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. സ്ത്രീകള്‍ അതത് നഗരങ്ങളിലെ ഡേറ്റിംഗ് അനുഭവങ്ങളുടെ വിശദാംശങ്ങള്‍ പങ്കിടുന്ന ഗ്രൂപ്പുകളുടെ ഒരു വലിയ ശൃംഖലയുടെ ഭാഗമാണിത്. ഉദാഹരണത്തിന്, ലോസ് ഏഞ്ചല്‍സ് ചാപ്റ്ററില്‍ മാത്രം ഏകദേശം 53,000 അംഗങ്ങള്‍ ഈ ഗ്രൂപ്പില്‍ ഉണ്ട്.
എന്നാല്‍ കേസ് പരിഗണിച്ച കോടതി, മുറെയുടെ പരാതികള്‍ തള്ളികളയുകയും യുവതികള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ തന്റെ അനുഭവം മുറെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ നിരവധി പുരുഷന്മാര് ഇയാള്‍ക്ക് പിന്തുണ അറിയിച്ചു. കേസ് അവസാനിച്ചെങ്കിലും മുറെ ഒരു ശല്യക്കാരനാണെന്ന് അഭിപ്രായപ്പെട്ട് കൊണ്ട് യുവതികളും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനവുമായി എത്തിയിട്ടുണ്ട്.






