
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി വീണ്ടും വിവാദത്തില്‍. ഇരിങ്ങാലക്കുടയില്‍ വെച്ച എന്‍ഡിഎ യുടെ ഫ്ളെക്സില്‍ സുരേഷ്ഗോപിക്കൊപ്പം ഇന്നസെന്റിന്റെ ചിത്രം കൂടി ഉപയോഗിച്ചിരിക്കുന്നതാണ് വിവാദത്തിലാകുന്നത്. തങ്ങളുടെ അറിവോടെയല്ലെന്ന് ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി ഇന്നസെന്റിന്റെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്.
ഇക്കാര്യത്തില്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നാണ് കുടുംബം ഒരു വാര്‍ത്താചാനലിനോട് പറഞ്ഞിരിക്കുന്നത്്. മലയാള സിനിമാ നടനായിരുന്ന ഇന്നസെന്റും സുരേഷ്ഗോപിയും അനേകം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ്. അതേസമയം സഹപ്രവര്‍ത്തകര്‍ ആണെങ്കിലും വ്യത്യസ്ത രാഷ്ട്രീയ ചേരിയില്‍ നിന്നുള്ളവരാണ് ഇരുവരും. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പാര്‍ലമെന്റില്‍ എത്തിയിട്ടുള്ളയാളുമാണ് ഇന്നസെന്റ്.സുരേഷ്ഗോപി മത്സരിക്കുന്നത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ്.
നേരത്തേ തൃശൂര്‍പൂരവുമായി ബന്ധപ്പെട്ടും സുരേഷ്ഗോപിയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിന് ശേഷമുള്ള ചടങ്ങുകള്‍ പൊലീസ് നിയന്ത്രണത്തില്‍ അലങ്കോലപ്പെട്ടത് സുരേഷ്ഗോപിയുടെ ജയം ഉറപ്പാക്കാന്‍ മനപ്പൂര്‍വ്വം പൂരം കലക്കിയതാണെന്ന് ആരോപിച്ച് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് രംഗത്ത് വന്നു. സുരേഷ് ഗോപിയാണ് പ്രശ്നം പരിഹരിച്ചതെന്ന പ്രചാരണം ഇപ്പോള്‍ ബിജെപി സൈബര്‍ സെല്‍ ചെയ്യുന്നുണ്ടെന്നും വോട്ടുകച്ചവടത്തിനുള്ള അന്തര്‍ധാര പുറത്തായിരിക്കുന്നു എന്നും പറഞ്ഞു.
കമ്മീഷ്ണറെ തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തുന്നതാണെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരുമെന്നും കമ്മീഷ്ണര്‍ മറ്റ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയോ എന്നറിയാന്‍ ജ്യൂഡീഷ്യല്‍ അന്വേഷണം വേണമെന്നും പറഞ്ഞു. കമ്മീഷ്ണര്‍ പൂരം കലക്കാന്‍ രാവിലെ മുതല്‍ ശ്രമിച്ചുകൊണ്ടിരുന്നെന്നും ഇതിന് താന്‍ തന്നെ സാക്ഷിയാണെന്നും, സുരേഷ് ഗോപിയെ പൂരത്തിന്റെയന്ന് എവിടെയും കണ്ടില്ലെന്നും പിന്നീട് സേവാഭാരതിയുടെ ആംബുലന്‍സില്‍ വന്ന് ഷോ കാണിച്ചെന്നും കെ. മുരളീധരന് പറഞ്ഞു.
അതേസമയം പൂരത്തിന്റെ പരമ്പരാഗതരീതിക്ക് ഭംഗം വന്നതിന് പിന്നില്‍ ഗൂഡാലോചന നടന്നെന്ന് സുരേഷ്ഗോപി പറഞ്ഞു. വെടിക്കെട്ട് തടസ്സപ്പെട്ടപ്പോള്‍ തന്നെ വിളിച്ചു വരുത്തിയതാണെന്നും ബ്ലോക്ക് ചെയ്തിട്ടതിനാലാണ് സേവാഭാരതിയുടെ ആംബുലന്‍സില്‍ വരേണ്ടി വന്നതെന്നും സുരേഷ്ഗോപി പ്രതികരിച്ചു. തന്നെ വിളിച്ചത് തിരുവമ്പാടി ദേവസ്വത്തില്‍ നിന്നാണെന്നും കൂടുതല്‍ തല്ലുകൊള്ളാതിരിക്കാന്‍ നിര്‍ത്തിപ്പോവുക എന്നാണ് പൊലീസ് പറഞ്ഞതെന്നും സുരേഷ്ഗോപി പറയുന്നു. കമ്മീഷണര്‍ തനിക്ക് ലഭിച്ച നിര്‍ദ്ദശമാണ് പാലിച്ചതെന്നും ഇതേ കമ്മീഷണറെ നിര്‍ത്തി മര്യാദക്ക് പൂരം നടത്തിക്കാണിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു






