
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ പോര് നടക്കുന്ന പത്തനംതിട്ട ബിജെപി വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാണ്. സാമുദായിക സമവാക്യങ്ങളൊക്കെ കണക്കാക്കി മൂന്ന് പാര്‍ട്ടികളും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ പരീക്ഷിച്ചിരിക്കുന്ന മണ്ഡലത്തില്‍ ആദ്യമായി വലിയ ഇംപാക്ട് ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ശബരിമലപ്രശ്നം കത്തി നിന്നപ്പോള്‍ പോലും കിട്ടാതെ പോയ സീറ്റില്‍ ഇത്തവണ ജയിച്ച് ലോക്സഭയിലേക്ക് ആദ്യമായി ആളെ അയയ്ക്കാമെന്ന ആത്മവിശ്വാസമാണ് പുലര്‍ത്തുന്നത്.
വിവിധ ക്രൈസ്തവ സഭകള്‍ക്ക് നല്ല സ്വാധീനമുള്ള പത്തനംതിട്ടയില്‍ നിലവിലെ കോണ്‍ഗ്രസിലെ ആന്റോ ആന്റണിക്കും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ടി.എം.തോമസ് ഐസക്കും എതിരെ ത്രികോണ പോരാട്ടത്തിലാണ് അനില്‍. പാര്‍ട്ടിയുടെ പരമ്പരാഗത ഹിന്ദുവോട്ടുകള്‍ക്കൊപ്പം സ്ഥാനാര്‍ത്ഥിക്ക് വ്യക്തിപരമായി കിട്ടിയേക്കാവുന്ന മണ്ഡലത്തിലെ ഏറ്റവും കൂടുതലുളള ക്രിസ്ത്യന്വോട്ടുകളും ഇവര്‍ പ്രതീക്ഷിക്കുന്നു. പത്തനംതിട്ടയിലെ വോട്ടുകള്‍ കണക്കാക്കുമ്പോള്‍ 39.66 ശതമാനമാണ് ക്രിസ്ത്യാനികളുടെ കണക്ക്. മുസ്ളീങ്ങള്‍ അഞ്ചു ശതമാനവും പട്ടികജാതിക്കാര്‍ 12 ശതമാനവും ആണ് പരമ്പരാഗത ഹിന്ദു ഇതര സാമുദായിക നില.
കഴിഞ്ഞ ദിവസം ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അനില്‍ ആന്റണിക്ക് പിന്തുണയുമായി വന്നിരുന്നു. സംസ്ഥാനത്തെ ഒരു ക്രൈസ്തവസഭ ബിജെപി സ്ഥാനാര്‍ത്ഥിക്ക് പരസ്യമായിപിന്തുണ നല്കുന്ന ആദ്യ സംഭവമാണിത്. 10,000-ത്തോളം കുടുംബങ്ങള്‍ പള്ളിയുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ സ്വാധീനം ചെലുത്തുമെന്ന് പറയപ്പെടുന്നു. ബിലീവേഴ്സിനെ പോലെ പരസ്യമായ പിന്തുണ നല്‍കിയിട്ടില്ലെങ്കിലും പെന്തക്കോസ്ത് ഉള്‍പ്പെടെയുള്ള മറ്റു സഭകള്‍ക്കും ബിജെപിയോട് ചായ്വുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
തിരുവല്ല ആസ്ഥാനമായ ബിലീവേഴ്സിന് മണ്ഡലത്തില്‍ സ്വാധീനമുണ്ടെന്നാണ് കണക്കാക്കുന്നത്. തിങ്കളാഴ്ച സഭാധ്യക്ഷന് മാത്യൂസ് സില്‍വാനിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ തിരുവല്ലയിലെ യൂത്ത് സെന്ററില്‍ നടന്ന യോഗത്തിലാണ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പരസ്യപ്രഖ്യാപനം ഉണ്ടായത്. സഭയുടെ ഔദ്യോഗിക വക്താവ് ഫാ.സിജോ പന്തപ്പള്ളിയും നൂറോളം വൈദികരും സഭാംഗങ്ങളും അടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു. അനിലിന്റെ വിജയം ഉറപ്പാക്കാന്‍ സഭയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പ് നല്കി.
കഴിഞ്ഞ ചരിത്രം പരിശോധിച്ചാല്‍ 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 ശതമാനം വോട്ടുഷെയറാണ് ഇവിടെ കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ സിപിഎമ്മിനും ബിജെപിയ്ക്കും 13.6 ശതമാനം വീതം വോട്ടുഷെയര്‍ ഇവിടെയുണ്ട്. ബിഡിജെഎസിന് 2.2 ശതമാനവും സിപിഐയ്ക്ക് 6.6 ശതമാനവുമാണ് കണക്ക്. എന്നാല്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സംയുക്തമായി ഇവിടെ 29 ശതമാനം വോട്ടുകള്‍ കിട്ടിയിരുന്നു. ഒന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 37.3 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ സിപിഎമ്മിന് 32 ശതമാനം വോട്ടുകളും കിട്ടിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ മൂന്നാം സ്ഥാനത്ത് പോയെങ്കിലും അവരുടെ വോട്ടുഷെയറില്‍ 13.50 ശതമാനം വര്‍ദ്ധനയുണ്ടായത് വാസ്തവമാണ്. വിജയിച്ച ആന്റോ ആന്റണി 3,80,927 വോട്ടുകള്‍ നേടിയപ്പോള്‍ 3,36,684 ആയിരുന്നു ഇടതുപക്ഷത്തിന്റെ വീണാജോര്‍ജ്ജിന് കിട്ടിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. 2,97,396 വോട്ടുകള്‍ കിട്ടി. ജയിച്ചെങ്കിലും കോണ്‍ഗ്രസിന് നാലു ശതമാനം വോട്ടുകള്‍ കുറഞ്ഞപ്പോള്‍ ഇടതുപക്ഷത്തിന് രണ്ടു ശതമാനം വോട്ടിന്റെ ചോര്‍ച്ചയുണ്ടായി.
2009 ല്‍ ബി രാധാകൃഷ്ണമേനോന് മത്സരിച്ചപ്പോള്‍ 56,294 വോട്ടുകള്‍ കിട്ടിയ സ്ഥാനത്ത് ബിജെപിയ്ക്ക് 2014 ല്‍ എം.ടി. രമേശ് മത്സരിച്ചപ്പോള്‍ വോട്ടുഷെയര്‍ എട്ട് ശതമാനം കൂടി. 138,954 ആയിരുന്നു എം.ടി. രമേശിന് കിട്ടിയത്. ഒന്നരലക്ഷം വോട്ടുകളാണ് ഈ കാലത്ത് ബിജെപിയ്ക്ക് കൂടിയത്. ഇത്തവണ മത്സരിക്കുമ്പോള്‍ കേവലം 84,000 വോട്ടുകള്‍ കൂടുതല്‍ നേടാനായാല്‍ അനില്‍ ആന്റണി പാര്‍ലമെന്റിലെത്തും.
അതേസമയം കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നിങ്ങനെ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്ന പത്തനംതിട്ടയില്‍ ഒരിടത്തും ബിജെപിയ്ക്ക് കാര്യമായ മുന്‍തൂക്കമില്ല എന്നതാണ് തിരിച്ചടിയാകുന്ന ഘടകം. കേരളാകോണ്‍ഗ്രസിന് മൂന്ന് സിപിഎമ്മിന് രണ്ട് സിപിഐ, ജെഡിഎസ് എന്നിങ്ങനെയാണ് നിയമസഭാ സീറ്റിലെ വിജയകണക്കുകള്‍. എന്നാല്‍ ഇത് പഴങ്കഥയായെന്നാണ് ബിജെപി കരുതുന്നത്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിലീവേഴ്സ് പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരത്ത് കോണ്‍ഗ്രസിലെ ശശി തരൂരിന്റെയും സിപിഐയിലെ പന്ന്യന്‍ രവീന്ദ്രന്റെയും വെല്ലുവിളിയാണ് രാജീവ് ചന്ദ്രശേഖറിന് മറികടക്കേണ്ടി വരുന്നത്. ബിലീവേഴ്സിന്റെ വെബ്സൈറ്റ് നല്കുന്ന കണക്കുകളില്‍ കേരളത്തില്‍ ഉടനീളമായി 14,000 സഭകള്‍ക്ക് കീഴിലായി 35 ലക്ഷം വിശ്വാസികള്‍ ഉള്ളതായിട്ടാണ് കണക്കാക്കപ്പെടുന്നത്. തിരുവനന്തപുരത്തെ സിഎസ്ഐ വോട്ടുകള്‍ കൂടി കനിഞ്ഞാല്‍ ബിജെപി നേടും.






