
തങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ടെങ്കിലും അത് സുരേഷ്ഗോപിയുടെ രാഷ്ട്രീയമല്ലെന്ന് പ്രതികരിച്ച് നടന്മാരായ രഞ്ജിപണിക്കരും ശ്രീനിവാസനും. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം. കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ചലച്ചിത്ര നടീനടന്മാരില് അനേകര്‍ തങ്ങളുടെ കുടുംബവുമായി വോട്ടുരേഖപ്പെടുത്താനെത്തി.
തനിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നും അത് സുരേഷ്ഗോപിയുടെ രാഷ്ട്രീയമല്ലെന്നും തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍. സുരേഷ്ഗോപിയെ വ്യക്തിപരമായി ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് താല്‍പ്പര്യമില്ലെന്നായിരുന്നു നടന് ശ്രീനിവാസന്റെ പ്രതികരണം. വോട്ട് പൗരന്റെ അവകാശമാണെന്നും യോജിപ്പിനും വിയോജിപ്പിനും അത് വിനിയോഗിക്കണമെന്ന് ഫഹദ്ഫാസിലും പറഞ്ഞു.
ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന സമയങ്ങളില്‍ ജനാധിപത്യം അതിന്റെതായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുമെന്നായിരുന്ന വോട്ടുരേഖപ്പെടുത്തിയതിന് പിന്നാലെ രഞ്ജി പണിക്കരുടെ പ്രതികരണം. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരിക്കും ഈ ജനവിധിയെന്ന് എന്തു പരിമിതികള്‍ ആയാലും അതിന്റെയെല്ലാം ഉള്ളില്‍ നിന്നുകൊണ്ടു തന്നെ പ്രവര്‍ത്തിക്കാന്‍ ജനാധിപത്യത്തിന് അതിന്റേതായ മെക്കാനിസമുണ്ടെന്ന് വിശ്വസിക്കുന്ന വോട്ടറാണ് താനെന്നും പറഞ്ഞു.
ഇത്രയധികം രാഷ്ട്രീയ ബോധമോ ആശയ വിനിമയ സാധ്യതകളില്ലാതിരുന്ന കാലത്തും ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് വേണ്ടി, അതിന്റെ അപകടസന്ധിയെ തരണം ചെയ്യുന്നതിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ട്. എല്ലാ കാലവും ജനാധിപത്യം അങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്നും പറഞ്ഞു. തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും രഞ്ജി പണിക്കരുടെ മറുപടി നല്കി.
സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹത്തോട് വ്യക്തിപരമായി ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് യാതൊരു താത്പര്യവും ഇല്ലെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. അതേസമയം തന്നെ താന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു. ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്ക്കും രക്ഷപ്പെടാന്‍ പഴുതുണ്ട്. അതാണ് താല്‍പ്പര്യമില്ലാത്തതെന്നും ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവും കാണിക്കുന്നില്ലെന്നും പറഞ്ഞു.
ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട്, വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ. വിലകൂടിയ വിഷം കഴിക്കുന്നത് ആര്‍ഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലതെന്നും ശ്രീനിവാസന് പറഞ്ഞു. എല്ലാവരും വോട്ടു ചെയ്യണമെന്നും വോട്ട് ഓരോ പൗരന്റെയും അവകാശമാണെന്നും നടന് ഫഹദ്ഫാസിലും ആസിഫ് അലിയും പറഞ്ഞു. ജനാധിപത്യത്തിലെ യോജിപ്പിനും വിയോജിപ്പിനും എല്ലാവരും വോട്ടു ചെയ്യണമെന്നായിരുന്നു നടന് ആസിഫലിയുടെ പ്രതികരണം. ജനാധിപത്യം ഉറച്ച് നില്‍ക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഇന്ദ്രന്‍സ് പറഞ്ഞു. സിനിമാസെറ്റില്‍ നിന്നുമായിരുന്നു ഇന്ദ്രന്‍സ് എത്തിയത്.
നടനും കൊല്ലം ബിജെപി സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണ കുമാര്‍ തിരുവനന്തപുരത്തും എംഎല്‍എ മുകേഷും എംപി സുരേഷ്ഗോപിയും സ്വന്തം മണ്ഡലങ്ങളില്‍ വോട്ട് ചെയ്യാന്‍ കുടുംബ സമ്മേതം എത്തിയിരുന്നു.






