
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രിയില്‍ സ്ഥാനാര്‍ത്ഥിയായി ഒരു മുസ്ളീമിനെ പോലും ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ആരിഫ് 'നസീം' ഖാന് പാര്‍ട്ടിയുടെ പ്രചാരണ സമിതിയില്‍ നിന്ന് ഇറങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ പ്രചാരണത്തിനില്ലെന്ന് കാണിച്ച് അദ്ദേഹം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കത്തയച്ചു.
മഹാരാഷ്ട്രയിലെ ആകെ 48 ലോക്സഭാ സീറ്റുകളില്‍ എംവിഎ മഹാരാഷ്ട്രയില്‍ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെപ്പോലും നോമിനേറ്റ് ചെയ്തിട്ടില്ലെന്നും മുന്‍ സംസ്ഥാന മന്ത്രി എഴുതി. മഹാരാഷ്ട്രയിലുടനീളമുള്ള നിരവധി മുസ്ലീം സംഘടനകളും നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഒരു സ്ഥാനാര്ത്ഥിയെയെങ്കിലും കോണ്‍ഗ്രസ് നോമിനേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന് മുസ്ളീംവോട്ട് മാത്രം മതിയോ സ്ഥാനാര്‍ത്ഥികളെ വേണ്ടേ എന്നാണ് ആള്ക്കാര് ചോദിക്കുന്നതെന്നും അതിന് തനിക്ക് മറുപടിയില്ലെന്നും തനിക്ക് മുസ്ളീം വോട്ടര്‍മാരെ നേരിടാന്‍ കഴിയാത്തതിനാല്‍ താന്‍ പ്രചരണത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും കത്തില്‍ പറഞ്ഞു. മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രചാരണ സമിതിയില്‍ നിന്നും രാജിവെക്കുകയാണെന്നും ഖാന് പറഞ്ഞു. പാര്‍ട്ടി അതിന്റെ എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുക എന്ന ദീര്‍ഘകാല പ്രത്യയശാസ്ത്രത്തില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിച്ചതായി തോന്നുന്നെന്ന് പിടിഐ യ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളില്‍ 17ലും കോണ്‍ഗ്രസ് ശിവസേന (യുബിടി), എന്‍സിപി (ശരദ്ചന്ദ്ര പവാര്‍) എന്നിവരുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. അവര്‍ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയുടെ (എംവിഎ) ഘടകകക്ഷികളാണ്. മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ നിന്നുള്ള ടിക്കറ്റിനായി മുഹമ്മദ് ആരിഫ് ഖാന് മത്സരിച്ചിരുന്നുവെങ്കിലും പാര്‍ട്ടി സിറ്റി യൂണിറ്റ് പ്രസിഡന്റ് വര്‍ഷ ഗെയ്ക്വാദിനെ മണ്ഡലത്തിലേക്ക് തിരഞ്ഞെടുത്തു. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുംബൈയിലെ ചാന്ദിവാലിയില്‍ നിന്ന് മത്സരിച്ച അദ്ദേഹം 409 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.






