
ബോളിവുഡിന്റെ ഇഷ്ടതാരദമ്പതിമാരായിരുന്നു ഋഷി കപൂറും നീതു കപൂറും. ഒരു കാലത്ത് ബോളിവുഡിന്റെ ഹിറ്റ് ജോഡികളായിരുന്ന ഇവര്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകരത് ഏറ്റെടുത്തു. പിന്നീട് ബോളിവുഡില്‍ ഋഷി കപൂറിന്റെ കാലമായിരുന്നു. ഇന്ന് ഏപ്രിൽ 30, ഋഷി കപൂറിന്റെ 4-ാം ചരമവാർഷികമായതിനാൽ കപൂർ കുടുംബത്തിന് ഇത് ഒരു വൈകാരിക ദിനമാണ്. ക്യാൻസറുമായി നീണ്ട പോരാട്ടത്തിന് ശേഷം 2020 ലാണ് താരം അന്തരിച്ചത്. നീതു കപൂർ പലപ്പോഴും തന്റെ പരേതനായ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കിടുകയും നടനെ ഓർക്കുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ നീതു തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഋഷികപൂറിനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കിടുകയും താരത്തെ ഓര്‍മ്മിക്കുന്ന വൈകാരികമായ കുറിപ്പ് പങ്കിടുകയും ചെയ്തിരിക്കുകയാണ്.
‘‘4 വർഷം...ഞങ്ങൾക്ക് നിങ്ങളില്ലാതെ ജീവിതം ഒരിക്കലും സമാനമാകില്ല...’’ എന്നാണ് ഋഷി കപൂറിനൊപ്പമുള്ള ചിത്രം പങ്കിട്ട് നീതു കപൂര്‍ കുറിച്ചിരിക്കുന്നത്. 1980-ലെ ഋഷി കപൂറിന്റെ റൊമാന്റിക് ത്രില്ലർ കർസിന്റെ ഇൻസ്ട്രമെന്റല്‍ തീം ആക്കിയാണ് പോസ്റ്റ്. ബോബി, റഫൂ ചക്കർ, കാർസ്, അഗ്നിപഥ്, കപൂർ ആൻഡ് സൺസ്, മുൽക്ക് തുടങ്ങിയ സിനിമകൾക്ക് പേരുകേട്ട ഋഷി കപൂർ രണ്ട് വർഷത്തെ ക്യാൻസറുമായുള്ള പോരാട്ടത്തിന് ശേഷമാണ് 2020 ഏപ്രിൽ 30ന് 67-ാം വയസ്സിൽ അന്തരിച്ചത്.






