
മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ സിനിമ സമരത്തെ തന്ത്രപൂര്‍വ്വം പൊളിച്ചടുക്കിയ ദിലീപിന് മലയാള സിനിമയുടെ പിന്തുണ. ബഹുഭൂരിപക്ഷം എ ക്ലാസ് തീയറ്ററുകളെയും നിയന്ത്രിച്ചിരുന്ന ഫിലിം എക്സിബിറ്റേഴ്സ് അസ്സോസ്സിയേഷനില്‍ വന്‍ വിള്ളല്‍ വീണതാണ് സമരം ഉപേക്ഷിക്കാന്‍ കാരണം. ഇതിനു പിന്നില്‍ ദിലീപിന്റെ തന്ത്രമാണെന്ന് സിനിമ ലോകം ഒന്നടങ്കം പറയുന്നു.
നിലവിലിരുന്ന 40-60 എന്ന വിഹിതം മാറ്റി തങ്ങള്‍ക്ക് 50-50 എന്ന നിലയില്‍ വരുമാനം ലഭിക്കണമെന്ന ഫിലിം എക്സിബിറ്റേഴ്സ് അസ്സോസ്സിയേഷന്റെ കടുംപിടുത്തമാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ തീയറ്റര്‍ ഉടമകള്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടില്‍ എത്തി. എന്നാല്‍ നിര്‍മ്മാതാക്കളും വിതരണക്കാരും ഒറ്റക്കെട്ടായി തന്നെ സമരത്തെ നേരിട്ടു.
ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ തീയറ്റര്‍ ഉടമകള്‍ നടത്തി വന്നിരുന്ന സമരത്തിനെതിരെ താരങ്ങള്‍ പലരും പരസ്യ പ്രതികരണവുമായി എത്തിയിരുന്നു. പ്രതികരണങ്ങളില്‍ മാത്രം ഒതുങ്ങവേ തീയറ്റര്‍ ഉടമ കൂടിയായ ദിലീപ് തീയറ്റര്‍ അടച്ചിടുന്നതിനെ എതിര്‍ക്കുന്ന ഉടമകളെ ചേര്‍ത്ത് പുതിയ സംഘടന എന്ന മുന്നൊരുക്കം നടത്തിയതാണ് സമരം പൊളിയാന്‍ കാരണം. ഇന്ന് പുതിയ സംഘടനയുടെ ആദ്യ യോഗം ചേരും.
മലയാള സിനിമ ലോകം മുഴുവന്‍ ദിലീപിനെ അഭിനന്ദിച്ച് രംഗത്തെത്തി കഴിഞ്ഞു. മലയാള സിനിമ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെ തകര്‍ത്ത ദിലീപേട്ടന് ആശംസയുമായി ആരാധകരും സോഷ്യല്‍ മീഡിയയില്‍ ആഘോഷം തുടങ്ങി. ദിലീപിന് ആശംസകള്‍ നേരുമ്പോള്‍ ലിബര്‍ട്ടി ബഷീറിന് വന്‍ ട്രോളുകളാണ്. ക്രിസ്മസ് റിലീസായി എത്തേണ്ടിയിരുന്ന നിരവധി നല്ല ചിത്രങ്ങള്‍ വൈകിപ്പിച്ചതിന്റെ രോക്ഷം മുഴുവന്‍ ആരാധകര്‍ അറിയിക്കുന്നുണ്ട്.
ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജിന്റെ എസ്ര, ജയസൂര്യയുടെ ഫുക്രി എന്നിവ ഉടന്‍ തന്നെ റിലീസിനെത്തും. ഇനിയൊരിക്കലും തീയറ്ററുകള്‍ അടച്ചിട്ട് സിനിമയെ പ്രതിസന്ധിയിലാക്കാന്‍ സമ്മതിക്കില്ലെന്നും ദിലീപ് പറഞ്ഞു.







Comments