
മണാലി: ഹിമാചല്‍ പ്രദേശില്‍ കാണാതായ രണ്ട് എന്‍ഐറ്റി വിദ്യാര്‍ത്ഥികളുടെ മൃതദേഹം മഞ്ഞില്‍ ഉറഞ്ഞ നിലയില്‍ കണ്ടെത്തി. കാണാതായ എന്‍ഐറ്റി ഹമിര്‍പൂര്‍ ക്യാംപസിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ജഡമാണ് ഹിമാചല്‍ പ്രദേശ് മാണ്ഡി ജില്ലയില്‍ നിന്നും കണ്ടെത്തിയത്. മണാലിയുടെ അടുത്ത പ്രദേശത്തായി സ്ഥിതി ചെയ്യുന്ന ശിഖാരി ദേവി ക്ഷേത്രത്തിന് സമീപത്തായി മഞ്ഞില്‍ ഉറഞ്ഞ നിലയിലാണ് കിട്ടിയത്. ജനുവരി ആറിന് ബിലാസ്പൂറില്‍ നിന്നുള്ള നവ്നീത്, സുജാന്പൂറുകാരനായ അക്ഷയ് എന്നീ വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ നിന്നും കാണാതായത്.
ക്ഷേത്രത്തിലേക്ക് കയറുന്നതിനിടെയാണോ, തിരിച്ചുള്ള യാത്രയിലാണോ ഇരുവരും അപകടത്തില്‍ പെട്ടതെന്ന് വ്യക്തമല്ല. എന്നാല്‍ ട്രക്കിങ്ങിനായി പോകുന്ന വിവരം ഇവര്‍ ഒരു സുഹൃത്തിനെ അല്ലാതെ വീട്ടില്‍ അറിയിച്ചിരുന്നില്ല. അഞ്ച് ദിവസങ്ങളായി ഇവരെ കാണാഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ ക്യാംപസില്‍ എത്തിയതോടെ ആണ് വിവരം കോളേജ് അധികൃതരും അറിഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ മാണ്ഡി എഎസ്പി ഖുല്‍ബൂഷന്‍ വര്‍മ്മയുടെ നേതൃത്വത്തില്‍ 40 അംഗ ടീമാണ് തിരച്ചില്‍ നടത്തിയത്. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ യുള്ള സേവനങ്ങള്‍ ലഭമാക്കിയായിരുന്നു തിരച്ചില്‍.ഒരാഴ്ചയായി കനത്ത മഞ്ഞ് വീഴ്ചയാണ് മേഖലയില്‍. അക്ഷയ് യുടെ മൃതദേഹത്തിന് സമീപത്തുനിന്നും ഐഡി കാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്.
മറ്റ് മൃതദേഹത്തില്‍ നിന്നും തെളിവുകള്‍ ലഭിച്ചില്ലെന്നും എന്നാല്‍ നവനീതിന്റേത് ആണെന്ന നിഗമനത്തിലേക്ക് സാഹചര്യങ്ങള്‍ വെച്ച് എത്തുകയായിരുന്നുവെന്നും എഎസ്പി വെളിപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരച്ചില്‍ പൂര്‍ത്തിയാക്കിയത്. പ്രാദേശിക പര്‍വ്വതാരോഹകരുടെ സേവനവും പോലീസ് തേടിയിരുന്നു. പോസറ്റ്മാര്ട്ടത്തിനുശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് കൈമാറി. കഴിഞ്ഞ മാര്‍ച്ചില്‍ എട്ട് യുവാക്കള്‍ ഖുള്ളുവിന് സമീപം അപകടത്തില്‍പ്പെടുകയും കൂട്ടത്തിരച്ചിലിനൊടുവില് എട്ട് പേരെയും രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.






