
കൊച്ചി: പനമ്പള്ളിനഗറില്‍ ഫ്ളാറ്റിന് സമീപത്ത് എടുത്തെറിഞ്ഞതെന്ന് അനുമാനിക്കുന്ന നവജാതശിശുവിനെ വഴിയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണമടഞ്ഞത് ആണ്‍കുഞ്ഞെന്ന് സൂചന. 5 സി 1 ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം. എറണാകുളം സ്വദേശിയും കുടുംബവുമാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. മൂന്ന് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ബിസിനസുകാരനും ഭാര്യയും മകളുമാണ് ഇവിടെ ഉണ്ടായിരുന്നതെന്നും കണ്ടെത്തി. ഫ്ളാറ്റില്‍ നിന്നും കണ്ടെത്തിയ മൂന്ന് പേരില്‍ രണ്ടുപേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. യുവതിയെ ആശുപത്രിയിലേക്ക് മാറ്റും. 20 കാരിയാണ് യുവതിയെന്നാണ് സെക്യുരിറ്റി ജീവനക്കാരന് നല്‍കിയിരിക്കുന്ന സൂചന. ഫ്ളാറ്റിലെ ശുചിമുറിയില്‍ നിന്നും രക്തക്കറയും പോലീസ് കണ്ടെത്തിയതായി വിവരമുണ്ട്. കുട്ടിയെ പൊതിഞ്ഞ ആമസോണിന്റെ കവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നുമാണ് പോലീസിന് ഇവരുടെ വിലാസം കിട്ടിയത്.
കുട്ടിയെ എറിഞ്ഞതാണോ അവിടെ ആരെങ്കിലും ഇട്ടതാണോ എന്നായിരുന്നു പോലീസ് ആദ്യം പരിശോധിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് സിസിടിവി ദൃശ്യങ്ങളും പരിശോധന നടത്തിയത്. ഇതില്‍ നിന്നുമാണ് കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നെന്ന് പോലീസ് കണ്ടെത്തിയത്. ദീര്‍ഘകാലമായി ഇവര്‍ ഇവിടെ താമസിച്ചു വരികയായിരുന്നു. യുവതി ഗര്‍ഭിണിയാണെന്നുള്ള വിവരം അറിഞ്ഞിരുന്നില്ലെന്നും വിവരമുണ്ട്.
നിലവിലെ താമസക്കാരില്‍ ഗര്‍ഭിണികളുണ്ടായിരുന്നില്ലെന്നാണ് ആശാ വര്‍ക്കര്‍മാര്‍ നല്കിയ വിവരം. എന്നാല്‍ ഗര്‍ഭ വിവരം ഒളിച്ചുവച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്. രാവിലെ എട്ട് മണി കഴിഞ്ഞതോടെ സമീപത്തെ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. വന്‍ഷിക അപ്പാര്‍ട്ട്മെന്റില്‍ 21 കുടുംബങ്ങളാണ് താമസിക്കുന്നത്. ഏഴ് നിലകളുള്ള അപ്പാര്‍ട്ട്മെന്റില്‍ രണ്ട് ഫ്ലാറ്റുകളില്‍ താമസക്കാരില്ലായിരുന്നു. 15 വര്‍ഷമായി ഇവിടെ താമസിച്ചു വരുന്നവരാണ് ഇവരെന്നാണ് സൂചനകള്‍.






