
ന്യൂഡല്‍ഹി : ഹൈദരബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ മരണം പുനഃരന്വേഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. രോഹിത് ദളിത് വിദ്യാര്‍ത്ഥിയല്ലെന്ന പോലീസ് സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ട് തളളിക്കൊണ്ട് തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനഃരന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തളളുന്നതിന് കോടതിയില്‍ ഡിജിപി അപേക്ഷ നല്‍കും.
അന്വേഷണത്തില്‍ രോഹിത്തിന്റെ അമ്മ അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. ഇന്നലെ രോഹിത് വെമുല ദളിതനല്ലെന്നാണ് കോടതിയില്‍ പോലീസ് അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദളിത് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു നേടിയ അക്കാദമിക് നേട്ടങ്ങള്‍ നഷ്ടപ്പെടുമെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നുളള ഭയം രോഹിതിനെ ആത്മഹത്യയിലേക്കു നയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യമൊട്ടാകെ കോളിളക്കമുണ്ടാക്കിയ വിഷയത്തിൽ അന്വേഷണം നടത്തിയ സൈബരാബാദ് പോലീസാണ് കേസവസാനിപ്പിച്ചു റിപ്പോർട്ട് നൽകിയത്.
സർവകലാശാലയിൽ നേരിട്ടിരുന്ന ദളിത് വിവേചനത്തിൽ പ്രതിഷേധിച്ചായിരുന്നു രോഹിതിന്റെ ആത്മഹത്യ. 2016 ജനുവരി 17-നാണ് ഹോസ്റ്റൽ മുറിയിൽ രോഹിത് ജീവനൊടുക്കിയത്. വിദ്യാർഥി സംഘർഷത്തിൽ അന്വേഷണമാവശ്യപ്പെട്ടു കേന്ദ്ര തൊഴിൽ മന്ത്രിയായിരുന്ന ബണ്ഡാരു ദത്താത്രേയ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കു നൽകിയ കത്തിൽ ദലിത് വിദ്യാർഥികളെ ‘തീവ്രവാദികളും ദേശവിരുദ്ധരും ജാതിവാദികളുമായി’ മുദ്രകുത്തിയെന്നും ഇതേത്തുടർന്നു ക്യാംപസിൽ ഉണ്ടായ സാമൂഹിക ബഹിഷ്കരണമാണു രോഹിതിന്റെ മരണത്തിനയിച്ചതെന്നും വിവിധ സംഘടനകൾ കുറ്റപ്പെടുത്തി. രോഹിത് എഴുതിയ അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു. രോഹിതിന്റെ ആത്മഹത്യയെ തുടർന്ന് സർവകലാശാലയിലും രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തിയിരുന്നു.
പാർലമെന്റിൽ രാഹുൽ ഗാന്ധിയും സ്മൃതി ഇറാനിയും തമ്മിൽ വൻ വാക്കേറ്റത്തിന് ഇടയാക്കുകയും ചെയ്തതോടെ ദത്താത്ത്രേയയ്ക്കും സർവകലാശാല വൈസ് ചാൻസലർ പി. അപ്പാറാവുവിനുമെതിരെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തിരുന്നു. രോഹിത് വേമുല ദളിതനല്ലെന്ന വാദമുയരുകയും അതു തെറ്റാണെന്നു വിദ്യാർഥി സംഘടനാ പ്രതിനിധികൾ രേഖാമൂലം തെളിയിച്ചിരുന്നു.






