
അച്ചടക്കം പഠിപ്പിക്കാൻ എന്ന പേരിൽ കൊടുക്കുന്ന ശാരീരിക ശിക്ഷാ നടപടികൾ വേദനയായി മനസിലുണ്ടെന്ന് തുറന്നു പറഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.
ശനിയാഴ്ച നടന്ന ഒരു സെമിനാറിൽ സംസാരിക്കവെയാണ് ചെറിയൊരു തെറ്റിന്റെ പേരിൽ അഞ്ചാം ക്ലാസിൽ കിട്ടിയ അടിയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. "കുട്ടികളോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നുള്ളത് ജീവിതകാലം മുഴുവൻ അവരുടെ മനസിലുണ്ടാവും. സ്കൂളിലെ ആ ദിവസം ഞാനും ഒരിക്കലും മറക്കില്ല. കൈയിൽ വടി കൊണ്ട് അടികിട്ടിയ കാലത്ത് ഞാനൊരു കുട്ടിക്കുറ്റവാളിയൊന്നും ആയിരുന്നില്ല. പ്രവൃത്തി പരിചയ ക്ലാസിൽ ശരിയായ അളവിലുള്ള സൂചി കൊണ്ടുവരാത്തതിനാണ് എന്നെ അടിച്ചത്. കൈയിൽ അടിക്കരുതെന്നും കാലിൽ അടിക്കാമോ എന്നും അധ്യാപകനോട് അപേക്ഷിച്ചത് ഇന്നും എനിക്ക് ഓർമയുണ്ട്. അപമാനഭാരത്താൽ മാതാപിതാക്കളോട് പറയാൻ കഴിഞ്ഞില്ല. അടികൊണ്ട് അടയാളം പതിഞ്ഞ വലതു കൈപ്പത്തി പത്ത് ദിവസം ആരും കാണാതിരിക്കാൻ ഒളിപ്പിച്ചുവെച്ചിരുന്നു" ചീഫ് ജസ്റ്റിസ് പറഞ്ഞു.
"ശരീരത്തിലേറ്റ മുറിവ് ഉണങ്ങി. പക്ഷേ അത് മനസിൽ എക്കാലവും നിലനിൽക്കുന്ന ആഘാതമുണ്ടാക്കി. ഇപ്പോഴും എന്റെ ജോലി ചെയ്യുമ്പോൾ അത് കൂടെയുണ്ട്. കുട്ടികളോട് ചെയ്യുന്ന ഇത്തരം പ്രതികാരങ്ങളുടെ ആഘാതം വളരെ വലുതായിരിക്കും" - അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച് നേപ്പാൾ സുപ്രീം കോടതി കാഠ്മണ്ഡുവിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.






