
ഇന്ത്യക്കാരെ മാലദ്വീപിലേക്ക് ക്ഷണിച്ച് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ. ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ടൂറിസത്തെ ആശ്രയിക്കുന്ന മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയെ, അവിടം സന്ദർശിച്ച് സഹായിക്കൂ എന്നാണ് അഭ്യർത്ഥന. വർഷങ്ങളായുള്ള മാലദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇബ്രാഹിം ഫൈസൽ ഊന്നിപ്പറഞ്ഞു.
ടൂറിസം മന്ത്രി പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാലദ്വീപ് സർക്കാരും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു- "ഞങ്ങൾ എല്ലായ്പ്പോഴും സമാധാനവും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ ജനങ്ങളും സർക്കാരും ഇന്ത്യക്കാരുടെ വരവിനെ ഊഷ്മളമായി സ്വാഗതം ചെയ്യും. ടൂറിസം മന്ത്രി എന്ന നിലയിൽ മാലിദ്വീപിന്റെ വിനോദസഞ്ചാരത്തിന്റെ ഭാഗമാകാൻ ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ സമ്പദ്വ്യവസ്ഥ ടൂറിസത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്"
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ആദ്യ നാല് മാസങ്ങളിൽ 42 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 73,785 ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിൽ എത്തിയിരുന്നു. ഈ വർഷം എത്തിയത് 42,638 പേർ മാത്രമാണ്. മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, ഈ വർഷം ഏപ്രിൽ വരെ 6,63,269 വിനോദസഞ്ചാരികള്‍ എത്തി. 71,995 പേർ ചൈനയിൽ നിന്നുള്ളവരാണ്, യുകെ (66,999), റഷ്യ (66,803), ഇറ്റലി (61,379), ജർമ്മനി (52,256) എന്നീ രാജ്യക്കാരാണ് .






