
കപൂര്‍ കുടുംബത്തിലെ നിന്നുള്ള മിക്കവരും ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളാണ്. കപൂര്‍ കുടുംബത്തില്‍ നിന്ന് പതിനേഴാം വയസ്സിൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച കരിഷ്മ കപൂർ 90 കളിലെ മുൻനിര നടിമാരിൽ ഒരാളായ ഒരു ബോളിവുഡ് നടിയാണ്. പ്രശസ്ത കപൂർ കുടുംബത്തിൽ നിന്നുള്ള താരം രൺധീർ കപൂറിന്റെയും ബബിതയുടെയും മകളും കരീന കപൂറിന്റെ മൂത്ത സഹോദരിയുമാണ്. രണ്ട് കപൂർ സഹോദരിമാർക്കും അവരുടേതായ പ്രത്യേക വിളിപ്പേരുകളുണ്ട്, ലോലോ എന്നും ബെബോ എന്നുമാണത്.
ലോലോ എന്ന് സ്നേഹത്തോടെ വിളിക്കുന്ന കരിഷ്മ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ അവിഭാജ്യ ഘടകമാണ്. ലോലോ എന്ന വിളിപ്പേരിലാണ് താരം അറിയപ്പെടുന്നതെങ്കിലും ആ പേര് എങ്ങനെ കിട്ടിയെന്ന് പല ആരാധകര്ക്കുമറിയില്ല. ഇപ്പോഴിതാ ആ പേര് എങ്ങനെ കിട്ടിയെന്ന് പറയുകയാണ് കരിഷ്മ. തനിക്ക് എങ്ങനെ ലോലോ എന്ന വിളിപ്പേര് ലഭിച്ചുവെന്ന് ചോദിച്ചപ്പോൾ, തൻ്റെ അമ്മ ജിന ലോലോയുടെ വലിയ ആരാധികയാണെന്ന് കരിഷ്മ പറഞ്ഞു. ‘‘അമ്മ ഒരു സിന്ധി ആണ്. അമ്മ മീഠി ലോലി (സിന്ധിയിലെ മധുരമുള്ള റൊട്ടി) ഉണ്ടാക്കുമായിരുന്നു, അത് ഇഷ്ടവുമായിരുന്നു. മധുരമുള്ള റൊട്ടിയെ ലോലോ, ലോലി എന്നൊക്കെയാണ് സിന്ധിയിൽ വിളിക്കുന്നത്. അങ്ങനെയാണ് എനിക്ക് ലോലോ എന്ന പേര് ലഭിച്ചത്.
അതിനു ശേഷമാണ് അനിയത്തി കരീന ജനിച്ചത്. ഡാബൂ, ചിന്തു, ചിപ്പൂ എന്നിവയുൾപ്പെടെ എല്ലാവർക്കുമായി തമാശയുള്ള പെറ്റ് പേരുകൾ നൽകുന്ന പാരമ്പര്യം കുടുംബം നിലനിര്‍ത്തിയിരുന്നു. എനിക്ക് ലോലോയെന്ന് കിട്ടിയ ശേഷം നമുക്ക് സഹോദരിക്ക് രസകരമായ എന്തെങ്കിലും കണ്ടെത്താമെന്ന് ഞാന്‍ പറഞ്ഞു. അവൾ ഒരു കുഞ്ഞായിരുന്നു, അതിനാൽ എന്റെ അച്ഛൻ അവളെ ബെബോ എന്ന് വിളിച്ചു. ആ വിളി ബെബോയായി മാറി...’’ കരിഷ്മ പറഞ്ഞു.






