
പ്രേക്ഷക-നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന ചിത്രത്തിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന മലയാള ചിത്രമാണ് ‘അനന്തൻ കാട്’. അനന്തപുരിയുടെ ഒരുകാലത്തെ ചരിത്രം കൂടി ദൃശ്യവത്കരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. സിനിമയുടേതായുള്ള ക്യാരക്ടർ പോസ്റ്ററുകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണുള്ളത്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്. സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നിഖില വിമലാണ്.
ഇപ്പോഴിതാ ഈ സിനിമയുടെ ഭാഗമായത് എങ്ങനെയാണെന്ന് പറയുകയാണ് നിഖില വിമല്‍. തനിക്ക് സിനിമയുടെ കഥ പൂര്‍ണ്ണമായും അറിയില്ലെന്നാണ് താരം പറയുന്നത്. ഒരുപാട് തവണ സ്ക്രിപ്റ്റ് വായിച്ചെങ്കിലും മനസിലായില്ലെന്നും തന്റെ കഥാപാത്രം ചെയ്യാന്‍ സിനിമയുടെ കഥ മുഴുവന്‍ അറിയണമെന്നില്ലെന്നും താരം പറയുന്നു.
‘‘ഒരുപാട് തവണ സ്ക്രിപ്റ്റ് വായിച്ചെങ്കിലും മനസിലായില്ല. പിന്നെ എന്റെ കഥാപാത്രം ചെയ്യാന്‍ സിനിമയുടെ കഥ മുഴുവന്‍ അറിയണമെന്നില്ല. ആ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്ത് തരം റോളാണെങ്കിലും അങ്ങനെ ഒരു അവസരം വരിക എന്നതാണല്ലോ. അപ്പോള്‍ ചെയ്യാം എന്ന് തോന്നി. ടിയാന് ശേഷം മുരളി ഗോപി ചെയ്യുന്ന സിനിമയാണ്, വലിയ സിനിമയാണ്, വലിയ ക്യാന്‍വാസിലുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഇതിലുണ്ട്.
ഇതിലങ്ങനെ ഒരു ഹീറോ ഹീറോയിന് പരിപാടികളല്ല, കുറെ ക്യാരക്ടേഴ്സ് ആണ്. ആ ക്യാരക്ടേഴ്സിന് എല്ലാം അവരുടെ തന്നെ ഒരു ആര്‍ക്കും സ്റ്റോറി ലൈനും ഉള്ള ഒരു സിനിമയാണ്. ചെറിയ ക്യാരക്ടേഴ്സ് ആണെങ്കിലും അവര്‍ക്കും ഒരു സ്റ്റാര്‍ട്ടും ഒരു എന്‍ഡും എല്ലാം ഉണ്ട്.
അഞ്ചു പ്രാവശ്യമൊക്കെ വായിച്ചു, സിനിമയുടെ കഥ പൂര്‍ണമായും അറിയില്ല. മനസിലാവില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ എന്റെ അടുത്ത് എന്റെ കഥാപാത്രത്തിന്റെ ആര്‍ക്കും എന്റെ ചുറ്റും ഉള്ളവരെ കുറിച്ചുമൊക്കെ പറഞ്ഞുതന്നു. ഞാന്‍ ഏത് സാഹചര്യത്തിലാണ് നില്‍ക്കുന്നത്, എന്റെ കോമ്പിനേഷന്‍ ഉള്ള ആള്‍ക്കാരും അവരുടെ ലൈഫും എങ്ങനെയാണ് അങ്ങനത്തെ കാര്യങ്ങളാണ് എനിക്ക് കൂടുതല്‍ അറിയുന്നത്.
അതല്ലാതെ ഒരുപാട് ഇന്‍സിഡന്‍സ് ഈ സിനിമയിലുണ്ട്. ഓരോ ഇന്‍സിഡന്‍സും മനസിലാക്കി നില്ക്കുക എന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഇതൊരു വലിയ സിനിമയാണ്. ഞാന്‍ ചെയ്ത ക്യാരക്ടര്‍ ചെയ്യാന്‍ ഇതൊന്നും അറിയണമെന്ന് എനിക്ക് നിര്‍ബന്ധം ഇല്ല. കാരണം ഇതൊരു വലിയ സിനിമയാണ്. സോഷ്യോ പൊളിറ്റിക്കല്‍ ഡ്രാമയാണ്. ഒരുപാട് ആള്‍ക്കാരുണ്ട്, ഒരു പീരിയഡ് ഫിലിം എന്നുപറയാം. പല സ്ഥലത്ത് പല സമയങ്ങളില്‍ നടക്കുന്നതാണ്. അതുകൊണ്ട് ഞാന്‍ എന്റെ കഥാപാത്രത്തിന്റെ കാര്യങ്ങള്‍ മനസിലാക്കി. പിന്നെ മുരളിചേട്ടനോടുള്ള ഒരു വിശ്വാസവും കൂടെ ഡെഫിനിറ്റലി അതിനകത്തുണ്ട്. എല്ലാ സിനിമകളും അങ്ങനെ ചെയ്യും എന്നുള്ളതല്ല, പക്ഷേ അത്തരത്തിലുള്ള ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹം ഉണ്ടാകുമ്പോള്‍ അങ്ങനെ ഒരു സിനിമ വരുമ്പോള്‍ നമുക്ക് അത് ചെയ്യാന്‍ തോന്നും...’’ നിഖില വിമല്‍ പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നിഖില സിനിമയെക്കുറിച്ച് പറഞ്ഞത്.
ഇന്ദ്രൻസ്, മുരളി ഗോപി, ‘പുഷ്പ’ സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാടി’ ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്. ജൂണ്‍ 25നാണ് സിനിമയുടെ വേള്‍ഡ്വൈഡ് റിലീസ്.






