
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ' വിലായത്ത് ബുദ്ധ'. വലിയ പ്രതീക്ഷയില്‍ എത്തിയ ചിത്രം പക്ഷേ തിയേറ്ററുകളില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തേക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് എ വി അനൂപ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘സത്യം പറഞ്ഞാല്‍ കൈ പൊള്ളിക്കുകയല്ല, വാഷൗട്ടായിരുന്നു വിലായത്ത് ബുദ്ധ. വലിയ പ്രതീക്ഷയുണ്ടായിരുന്ന പടമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഫസ്റ്റ് ഡേ തന്നെ ഒരുപാട് നെഗറ്റീവ് റെസ്‌പോണ്‍സാണ് ആ സിനിമക്ക് ലഭിച്ചത്. കുറച്ച് ലാഗ് ഉണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും സിനിമ തീരെ മോശമാണെന്ന് പറയാൻ പറ്റില്ല. വളരെ പ്രസിദ്ധമായ നോവലിനെ അടിസ്ഥാനപ്പെടുത്തി എടുത്ത സിനിമയാണ്, ചിലപ്പോൾ വിലായത്ത് ബുദ്ധ എന്ന പേര് നെഗറ്റീവ് അടിച്ചതാവാം ആളുകൾക്ക്. എന്താണെന്ന് മനസിൽ ആയി കാണില്ല. വലിയ എഫര്‍ട്ടും ബജറ്റുമൊക്കെ ഇട്ട് ഒരുക്കിയ പടമായിരുന്നു. പക്ഷേ, വിചാരിച്ച പോലെ ഹിറ്റായില്ല.
ഇതിന് മുമ്പ് പൃഥ്വിയെ നായകനാക്കി ഞാന്‍ പ്രൊഡ്യൂസ് ചെയ്ത എസ്ര വലിയ ഹിറ്റായി. അതുവരെയുള്ള പൃഥ്വിയുടെ കരിയറില്‍ ഏറ്റവും വലിയ ഓപ്പണിങ് കിട്ടിയ പടം എസ്രയായിരുന്നു.തൊട്ടു മുന്നേ ചെയ്ത സൂക്ഷ്മദർശിനിയും വലിയ ഹിറ്റായിരുന്നു. പക്ഷേ, വിലായത്ത് ബുദ്ധ പ്രതീക്ഷിച്ചതുപോലെ വന്നില്ല. ഇതുവരെ ആ പടം ഒ.ടി.ടിയിലും വിറ്റുപോയിട്ടില്ല. റിലീസിന് മുമ്പ് ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമുമായി എഗ്രിമെന്റ് ഒപ്പിട്ടതായിരുന്നു. പക്ഷേ, പടം ഫ്‌ളോപ്പായപ്പോള്‍ അവര്‍ അതില്‍ നിന്ന് പിന്മാറി. ഒടിടി ഒക്കെ ഇപ്പോൾ സിനിമ വളരെ ശ്രദ്ധിച്ചാണ് എടുക്കുന്നത് ’ എ.വി അനൂപ് പറഞ്ഞു.






