
മലയാള സിനിമയിലെ പതിവു പാറ്റേണുകളില്നിന്നു വിട്ട് വ്യത്യസ്തമായ തീമുകളെ സാങ്കേതികത്തികവോടെ അവതരിപ്പിച്ച സംവിധായകനാണ് സംഗീത് ശിവന്. ഭരതനെയും പത്മരാജനെയും ആരാധിച്ചിരുന്ന, ലോക ക്ലാസിക്കുകളെ മനസില്‍ ആവേശിപ്പിച്ച സംഗീത് ശിവന് ചെയ്തതത്രയും തീര്‍ത്തും വ്യത്യസ്തമായ ചിത്രങ്ങള്‍. ആദ്യചിത്രമായ 'വ്യൂഹ'വും 'യോദ്ധ'യും 'നിര്‍ണയ'വുമെല്ലാം പ്രേക്ഷകര്‍ ഇന്നും ഇഷ്ടപ്പെടുന്നതില്‍ സംഗീത് ശിവന്റെ സംവിധാനമികവ് പ്രധാന ഘടകമാണ്.
കലാകുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് സിനിമ ഒരിക്കലും അനന്യമായ മേഖലയായിരുന്നില്ല. എങ്കിലും സിനിമയിലെത്തുക എന്നത് സംഗീത് ശിവന്റെ ലക്ഷ്യമായിരുന്നില്ല. കായികരംഗമായിരുന്നു അദ്ദേഹത്തിനു താല്പര്യം. കുട്ടിക്കാലത്തുതന്നെ ഹോക്കിയും ക്രിക്കറ്റും ഇഷ്ടപ്പെടുകയും കളിക്കുകയും ചെയ്തിരുന്ന സംഗീത് ശിവന് കേരളത്തെയും കേരള സര്‍വകലാശാലയെയും പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
ബിരുദം നേടിയ ശേഷം ഏതാനും പരസ്യചിത്രങ്ങളും ഡോക്യുമെന്ററികളും ചെയ്ത സംഗീത് ശിവന്, അച്ഛന് ശിവന്റെ സഹായിയായി ഡോക്യുമെന്ററികളില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. സഹോദരനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവനാണ് ഇവയിലെല്ലാം ക്യാമറ കൈകാര്യം ചെയ്തിരുന്നത്. ഇക്കാലത്ത് അച്ഛന്റെയും സഹോദരന്റെയും സിനിമകളും ഡോക്യുമെന്ററികളും കണ്ട് പതിയെ സിനിമാലോകത്തേക്ക് ആകൃഷ്ടനാവുകയായിരുന്നു. തുടര്‍ന്ന്, പുനെയില്‍ ഫിലിം അപ്രീസിയേഷന്‍ കോഴ്സിനു ചേര്‍ന്നതോടെ ധാരാളം ലോക ക്ലാസിക് സിനിമകള്‍ കാണാന്‍ അദ്ദേഹത്തിനു സാധിച്ചു. സ്വയമറിയാതെതന്നെ സിനിമയെ സ്നേഹിച്ചുതുടങ്ങിയ സംഗീത് ശിവന് തന്റെ മേഖല സിനിമതന്നെ എന്ന് ഉറപ്പിച്ചാണ് നാട്ടിലേക്കു മടങ്ങിയത്.
യൂണിസെഫിനു വേണ്ടിയും ഫിലിം ഡിവിഷനുവേണ്ടിയും ധാരാളം ഡോക്യുമെന്ററികള്‍ ഇക്കാലത്ത് അദ്ദേഹം സംവിധാനം ചെയ്തു. അപ്പോഴേക്കും തിരക്കേറിയ ഛായാഗ്രാഹകനായി മാറിയ സന്തോഷ് ശിവനാണ് സഹോദരനെ ഫീച്ചര്ഫിലിമിന്റെ ലോകത്തേക്കു ക്ഷണിച്ചത്. സ്വന്തം രചനയില്‍ ഒരു സിനിമ എന്ന ആശയം മുന്നോട്ടുവച്ചത് സന്തോഷ് ശിവനും പൂര്‍ണപിന്തുണയുമായി ഒപ്പം നിന്നത് പിതാവ് ശിവനും. എങ്കിലും ഒരു സിനിമയില്‍പോലും, ആര്‍ക്കൊപ്പവും സംവിധാന സഹായിയായി പ്രവര്ത്തിച്ചിട്ടില്ലാത്തിനാല് സംഗീത് ശിവന് സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ആത്മവിശ്വാസമുണ്ടായില്ല.
സഹോദരന്റെയും അച്ഛന്റെയും നിരന്തരമായ പ്രേരണയ്ക്കൊടുവില്‍ സംഗീത് ശിവന് സ്വന്തം കഥ സംവിധാനം ചെയ്ത് അവതരിപ്പിക്കാന്‍ തീരുമാനിച്ചു. 1990-ല്‍ രഘുവരനും സുകുമാരനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 'വ്യൂഹം' എന്ന ഹിറ്റ് സിനിമയോടൊപ്പം പിറവിയെടുത്തത് സംഗീത് ശിവന് എന്ന സാങ്കേതികമികവുള്ള സംവിധായകന് കൂടിയാണ്. പുതിയൊരു ചലച്ചിത്രാനുഭവം സമ്മാനിച്ച ഈ സിനിമ ഇന്നും പ്രേക്ഷകര്‍ക്കു പ്രിയങ്കരമാണ്, ഒപ്പം രഘുവരനും. വലിയൊരു താരനിരയെ ഒഴിവാക്കി രഘുവരനെ നായകനാക്കാനുള്ള ഉപദേശം സന്തോഷ് ശിവന്റേതായിരുന്നു.
രണ്ടുവര്‍ഷത്തിനുശേഷം ആദ്യചിത്രത്തിന്റെ നിര്‍മാതാവായ സാഗാ ഫിലിംസിനുവേണ്ടി അടുത്ത ചിത്രം. മോഹന്‍ലാലിനെ നായകനാക്കി നേപ്പാളിന്റെ പശ്ചാത്തലത്തില്‍ സംവിധാനം ചെയ്ത ''യോദ്ധ'' എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാറി. അതുവരെ മലയാളത്തില്‍ അവതരിപ്പിച്ചിട്ടില്ലാത്ത നേപ്പാളിലെ ലാമമാരുടെയും മറ്റും ആചാരങ്ങളും അനാചാരങ്ങളും ഹാസ്യവും കൂട്ടിച്ചേര്‍ത്ത് അവതരിപ്പിച്ച ഈ ചിത്രം മോഹന്‍ലാലും ജഗതി ശ്രീകുമാറും ചേര്‍ന്നുള്ള ഹാസ്യരംഗങ്ങള്‍ക്ക് ഒരിക്കലും മരണമില്ല. ദക്ഷിണേന്ത്യന്‍ സംഗീത സംവിധായകന് എ.ആര്. റഹ്മാനെ മലയാളത്തിലെത്തിച്ച ചിത്രം കൂടിയാണിത്. അതിലെ പാട്ടുകളെല്ലാം ഇന്നും ഹിറ്റാണ്.
അക്കാലത്ത് ദക്ഷിണേന്ത്യയിലാകെ തരംഗമായി മാറിയ 'റോജ'യിലെ നായകന് അരവിന്ദ് സ്വാമിയെ മലയാളത്തില്‍ അവതരിപ്പിച്ച ''ഡാഡി'' പരാജയമായെങ്കിലും പിന്നീട് സംവിധാനം ചെയ്ത ''ഗാന്ധര്‍വം'', നിര്‍ണയം എന്നീ ചിത്രങ്ങള്‍ സംഗീത് ശിവനെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ്. അമേരിക്കന്‍ ചിത്രം 'ദി ഫ്യുജിറ്റീവി'നെ മലയാളത്തിലേക്കു പറിച്ചുനട്ട ''നിര്‍ണയം'' മികച്ച സാങ്കേതികമേന്മ അവകാശപ്പെടാവുന്ന ചിത്രമാണ്. എ.ആര്. റഹ്മാന്റെ ശിഷ്യന് ആനന്ദായിരുന്നു ഈ ചിത്രത്തിനു സംഗീതം നല്‍കിയത്.
ഇതിനിടെ മറ്റൊരു സഹോദരന് സഞ്ജീവ് ശിവന്റെ നിര്‍മാണത്തില്‍ സംഗീത് ശിവന് സംവിധാനം ചെയ്ത ''ജോണി'' കുട്ടികള്‍ക്കുള്ള മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. ശിവന്റെ നിര്‍മാണത്തില്‍ ''ബോസ്കോ'' എന്നൊരു ചിത്രം കൂടി അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
2000-ല്‍ പുറത്തിറങ്ങിയ ''സ്നേഹപൂര്‍വം അന്ന''യാണ് അവസാനചിത്രം. ഈ സിനിമ പരാജയമായതോടെ പിന്നീട് ചലച്ചിത്രരംഗത്ത് അദ്ദേഹം സജീവമായില്ല. ഇടയ്ക്ക് അദ്ദേഹം നിര്‍മിച്ച രണ്ടു ചിത്രങ്ങളും തീയറ്ററുകളില്‍ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയി.
''സോര്‍'', ''ചുരാ ലിയാ ഹേ തുംനേ'' തുടങ്ങി ഹിന്ദിയിലും അദ്ദേഹം എട്ടു സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.






