
തിരുവനന്തപുരം : അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും നിവേദ്യത്തിലും പ്രസാദത്തിലും അരളി പൂവ് ഒഴിവാക്കണമെന്ന് നിർദ്ദേശം. പൂജയ്ക്ക് അരളി ഉപയോഗിക്കാമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. നാളെ മുതൽ ക്ഷേത്രത്തിൽ തീരുമാനം നടപ്പിലാക്കും. തുളസി, പിച്ചി പൂവുകൾ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കാം.
ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവിലെ വിഷം വലിയ ചര്‍ച്ചയായത്. ഫോൺ ചെയ്യുന്നതിനിടെ മുറ്റത്തുള്ള അരളിച്ചെടിയില്‍ നിന്ന് പൂവോ ഇലയോ മറ്റോ ഇവര്‍ അബദ്ധത്തില്‍ കഴിച്ചു, ഇതോടെയാണ് മരണം സംഭവിച്ചത്. ഇത് സംബന്ധിച്ച ശാസ്ത്രീയ പരിശോധനയുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും സൂര്യയുടെ മരണത്തോടെ അരളിപ്പൂവ് വിഷമാണ് എന്ന നിലയിലുള്ള പ്രചാരണം ശക്തമായി. ഇതോടെ ആളുകളില്‍ ആശങ്കയും പടര്‍ന്നു.
ഇതിന് ശേഷം പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തതിന് പിന്നിലും അരളിപ്പൂവാണ് കാരണമെന്ന സംശയവും ഉയര്‍ന്നുവന്നു. ഇന്ന് നടന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാന്‍ ക്ഷേത്ര ഉപദേശക സമിതികള്‍ തീരുമാനമെടുത്തിരുന്നു.





