
നിവിന്‍ പോളിയും ധ്യാന്‍ ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘മലയാളി ഫ്രം ഇന്ത്യ’ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും ചൂടു പിടിച്ച ചര്‍ച്ചയായി മാറിയത് സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന സംവിധായകന് നിഷാദ് കോയയുടെ ആരോപണമായിരുന്നു. ചിത്രത്തിന്റെ റിലീസിന് തലേന്നാണ് മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയോട് സാമ്യമുള്ള കഥ നിഷാദ് കോയ സോഷ്യലിടത്ത് പങ്കുവച്ചപ്പോള്‍ അതൊരു വലിയ വിവാദമായി മാറി. പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരിടുന്നത്.
ഇപ്പോഴിതാ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് ഡിജോ ജോസ് ആന്റണി. കട്ടോ മോഷ്ടിച്ചോ സിനിമ എടുക്കുന്ന ആളല്ല താനെന്നും നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് ഈ മേഖലയിലേക്ക് വന്നവരാണ് തങ്ങളെന്നും സംവിധായകൻ ഡിജോ ജോസ് ആന്റണി പറയുകയാണ്. ഇപ്പോള്‍ ഉയർന്നു കേള്‍ക്കുന്ന ആരോപണങ്ങളില്‍ ഒരുപാട് വിഷമമുണ്ടെന്നും പത്രസമ്മേളനത്തില്‍ ഡിജോ പറഞ്ഞു.
‘‘ഒരുപാട് വിഷമമുണ്ട്. ഫെഫ്ക എന്ന സംഘടനയോട് എന്നും കടപ്പെട്ടിരിക്കുന്നു. ഈ പ്രശ്നം നടക്കുമ്പോള്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബഹ്റൈനിലായിരുന്നു. എന്തുകൊണ്ട് ഇത്രയും കാലതാമസമെടുത്തു എന്നതിനു മറുപടിയാണിത്. പിന്നീട് ഉണ്ണി സാറിനെയും ഫെഫ്കയിലെ ഓരോരുത്തരെയും വിളിച്ചാണ് ഇന്നൊരു ദിവസം പ്രസ്മീറ്റ് തീരുമാനിക്കുന്നത്.
എന്റെ കയ്യില്‍ എല്ലാ വിവരങ്ങളുണ്ട്. ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് പോലും ഇടാൻ സാധിക്കുന്നില്ല. റിലീസ് ചെയ്ത ആദ്യദിനം മുതല്‍ ഡീഗ്രേഡിങ് നേരിടുകയാണ്. നല്ല സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹത്തോടെ ഇൻഡസ്ട്രിയില്‍ വന്നവരാണ്. ഇപ്പോള്‍ ആറു കൊല്ലമായി. കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്. സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് വന്നയാളാണ്.
ആദ്യ സിനിമ കോപ്പി, ജനഗണമന കോപ്പിയടിച്ചു ഇപ്പോള്‍ മലയാളി ഫ്രം ഇന്ത്യ കോപ്പയടിച്ചു എന്നൊക്കെയാണ് എന്നെക്കുറിച്ചുള്ള ആരോപണങ്ങള്‍. ആദ്യം മനസ്സിലാക്കേണ്ടത് ഞാനൊരു സംവിധായകനാണ്. അല്ലാതെ എഴുത്തുകാരനായി സംവിധാനം ചെയ്യുന്ന ആളല്ല. ഒരാളെക്കുറിച്ച് ആരോപണം ഉന്നയിക്കുമ്ബോള്‍ അതിനൊരു കൃത്യത വേണ്ടേ.
സിനിമകളുടെ പ്രമോഷന് എന്റേതായ രീതിയുണ്ട്. ജനഗണമന റിലീസിന്റെ രണ്ട് ദിവസം മുന്നെ ലിസ്റ്റിൻ വിളിച്ചു ചോദിച്ചു, ‘കോടതി രംഗങ്ങളിലെ സീനുകള്‍ ഏതെങ്കിലും പുറത്തുവിടേണ്ടെ’ എന്ന്. ഞാനാണ് പറഞ്ഞത് വേണ്ടെന്ന്. അതേപോലെ ഈ സിനിമയിലെയും പ്രധാന ഭാഗങ്ങള്‍ പുറത്തുവിടാൻ കഴിയില്ല. പടത്തിന്റെ പല കാര്യങ്ങളും ഒളിപ്പിച്ചു വച്ചുവെന്നു പറയുന്നു. ഇതിന്റെ പൂജ, ലൊക്കേഷന്‍ വിഡിയോ ഒക്കെ എന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ നോക്കിയാല്‍ കാണാം.
ഈ സിനിമയുടെ പ്രമോഷനില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നു പറയും. സെക്കൻഡ് ഫാഫില്‍ ഈ സിനിമയുടെ സ്വഭാവം മാറി സീരിയസ് ആകുന്നുണ്ട്. പ്രേക്ഷകർ പ്രതീക്ഷിച്ച ഹ്യൂമർ ആണ് അവർക്ക് കിട്ടുന്നത്. രണ്ട് ദിവസം മുന്നേ പുറത്തുവിട്ട ടീസറിലും സിനിമയുടെ സ്വഭാവമുണ്ടായിരുന്നു...’’ഡിജോ ജോസ് പറയുന്നു.
ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ് സൂപ്പർ ഹിറ്റ് ചിത്രം ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിച്ച ‘മലയാളി ഫ്രം ഇന്ത്യ’.നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, ജെതിൻ സേത്തി, മഞ്ജു പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളായി സിനമയിലെത്തുന്നു. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ ഒരുക്കിയത്.






