
മുടി കൊഴിച്ചിൽ പലരും നേരിടുന്നൊരു പ്രശ്നമാണ്. മുടി കൊഴിച്ചിൽ അകറ്റാനും താരൻ തടയാനും ചില ഹെയർമാസ്കുകൾ സഹായിക്കും. ഇത്തരത്തിൽ മുടിക്ക് തിളക്കവും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നൊരു ഹെയർമാസ്കിനെ പരിചയപ്പെടുത്തുകയാണ് നടി ശിവദ. തന്റെ യൂട്യൂബ് ചാനലിൽ ഹെയർമാസ്ക് തയ്യാറാക്കുന്നതിന്റെ വീഡിയോ ശിവദ ഷെയർ ചെയ്തിട്ടുണ്ട്.
വീട്ടിൽ എളുപ്പത്തിൽ ലഭ്യമായ മൂന്നു ചേരുവകൾ ഉപയോഗിച്ച് ഈ ഹെയർമാസ്ക് തയ്യാറാക്കാം. ഫ്ലാക്സ്സീഡും ഉലുവയും അരിയും മാത്രമാണ് ഈ മാസ്ക് തയ്യാറാക്കാൻ വേണ്ടത്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടമാണ് ഫ്ലാക്സ്സീഡ്. ഫ്ളാക്സ് സീഡുകളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും മുടിയുടെ ആരോഗ്യത്തിന് സഹായിക്കും. ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കുന്നു. കൂടാതെ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും പിഎച്ച് അളവ് സന്തുലിതമാക്കാനും ഇവ സഹായിക്കും. മുടി കൊഴിച്ചിൽ, താരൻ എന്നിവ അകറ്റാൻ മികച്ചതാണ് ഉലുവ.
ചേരുവകൾ
അരി- 1 ടേബിൾസ്പൂൺ
ഫ്ലാക്സ് സീഡ്- 1 ടേബിൾസ്പൂൺ
ഉലുവ - 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
അരിയും ഫ്ലാക്സ്സീഡും ഉലുവയും വെള്ളത്തിൽ കഴുകി എടുക്കുക. ഇത് വെള്ളം ചൂടാകുമ്പോൾ ചേർക്കുക. നന്നായി തിളക്കുന്നതുവരെ കാത്തിരിക്കുക. കുറുകി കഴിയുമ്പോൾ അരിച്ചെടുത്ത് മാറ്റിവയ്ക്കുക. തണുത്തു കഴിയുമ്പോൾ തലയോട്ടി മുതൽ മുടിയുടെ അറ്റംവരെ പുരട്ടുക. 10-15 മിനിറ്റിനുശേഷം കഴുകി കളയുക. പതിവായി ചെയ്യുന്നത് നല്ല ഗുണം നൽകും. അതല്ലെങ്കിൽ ആഴ്ചയിൽ രണ്ടു തവണയെങ്കിലും ചെയ്യുക.






