
ബിഗ് ബോസ് മലയാളം സീസണുകള്‍ എന്നും വിവാദങ്ങളിലും ചര്‍ച്ചകളിലും നിറയുന്നതാണ്. എങ്കിലും രണ്ടാം എപ്പിസോഡു മുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞ ഒരു മത്സരാര്‍ത്ഥിയാണ് ജാസ്മിന് ജാഫര്‍. ഏറ്റവുമധികം ഹേറ്റേഴ്സിനെ നേടിയ ഒരാള്‍ കൂടിയാണ് ജാസ്മിന്. നെഗറ്റീവായും പോസിറ്റീവായും പ്രേക്ഷകരുടെ ഇടയില്‍ ജാസ്മിന് ചര്‍ച്ചയായി. ജാസ്മിന് കാണിക്കുന്നതൊക്കെയും അഭിനയമാണെന്ന് പറയുന്നവരാണ് അധികവും. കടുത്ത സൈബർ ആക്രമണമാണ് ജാസ്മിനെതിരെ പുറത്ത് നടക്കുന്നത്. സ്വന്തം ജീവിതം വെച്ചാണ് ജാസ്മിൻ കളിക്കുന്നതെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ഗബ്രിയുമായുള്ള അടുപ്പമാണ് ഇതിന് കാരണമായത്.
ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചും ബിഗ് ബോസ് ഷോയെക്കുറിച്ചും സംസാരിക്കുകയാണ് നടി ഗായത്രി സുരേഷ്. ‘‘ബിഗ് ബോസില്‍ പോകണമെന്ന് ആഗ്രഹമുണ്ട്. മുൻപ് വിളിച്ചിട്ട് പോയില്ല. മനോധൈര്യമില്ലാതെ അവിടെ പോയാല്‍ വീണ് പോകും. പുതിയ സീസണ് കാണാറുണ്ട്. ഷോ ഇപ്പോള്‍ എന്റർടെയ്നിംഗ് ആയി വരുന്നുണ്ട്. ജിന്റോ ചേട്ടനെയും ജാസ്മിനെയും ഇഷ്ടമാണ്. നന്ദന സ്മാർട്ടാണ്. എന്തും പറയാൻ ധൈര്യമുള്ള ആളായി ജാസ്മിനെ ഫീല്‍ ചെയ്യുന്നു. ജാസ്മിന് നേരെ വരുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും നടി സംസാരിച്ചു. ജാസ്മിൻ അത് അതിജീവിക്കും.
ജാസ്മിൻ വളരെ ഇന്റലിജന്റായ വ്യക്തിയാണ്. ദൈവമേ എന്തൊരു ഇന്റലിജൻസ് ആണ് ഈ കുട്ടിക്കെന്ന് എപ്പോഴും വിചാരിക്കും. ആ കുട്ടിക്ക് ഒരു കാര്യം മനസിലാക്കി പെട്ടെന്ന് സ്വിച്ച് ചെയ്യാൻ പറ്റുന്നു. പറയുന്ന പോയന്റുകള്‍ കിറു കൃത്യമാണ്. എത്ര അടി കിട്ടിയാലും പറയാനുള്ളത് പറഞ്ഞിരിക്കും. ഒരു വീഴ്ച കാണുന്നില്ല. 23 വയസേ ഉള്ളൂ. 30 വയസൊക്കെ എത്തിയാല്‍ എന്തായിരിക്കുമെന്ന് ഞാന്‍ ആലോചിക്കാറുണ്ട്.
വൃത്തി വളരെ സെൻസിറ്റീവായ വിഷയമാണ്. അവിടെ എന്താണ് നടക്കുന്നതെന്ന് നമുക്ക് അറിയില്ല. ഒരാളെ വൃത്തിയുടെ കാര്യം പറഞ്ഞ് കളിയാക്കിയാല്‍ വീഴ്ത്താൻ എളുപ്പമാണ്. വളരെയധികം മാനസികമായി തളർത്തും. ആവശ്യമുള്ള കാര്യത്തില്‍ വൃത്തിയുണ്ടോ എന്ന് നോക്കണം. സ്വന്തമായി ചെരിപ്പ് ഇടാതെ നടക്കാനാണ് ഇഷ്ടമെങ്കില്‍ ഇടാതെ നടന്നോട്ടെ. ചിലപ്പോള്‍ പ്രകൃതിയുമായി ബന്ധമുള്ള ആളായിരിക്കും. പക്ഷെ ഇത് ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടാകരുത്....’’ ഗായത്രി പറയുന്നു.
ബിഗ് ബോസ് നാലാം സീസണിനെക്കുറിച്ച് ഗായത്രി നേരത്തെ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. റോബിൻ രാധാകൃഷ്ണൻ, ദില്‍ഷ തുടങ്ങിയവരായിരുന്നു ഗായത്രിയുടെ പ്രിയ മത്സരാർത്ഥികള്‍. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാർത്ഥിയാണ് റോബിനെന്ന് ഒരിക്കല്‍ ഗായത്രി പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും ചർച്ചയാകുന്ന ഗായത്രി ബിഗ് ബോസില്‍ മത്സരാർത്ഥിയായെത്തണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.
ഷോയിലെ മികച്ച എന്റർടെയ്നർ ആയി മാറാനും ഗായത്രിക്ക് കഴിഞ്ഞേക്കും. ജാസ്മിനെക്കുറിച്ച് നേരത്തെ അവതാരക രഞ്ജിനി ഹരിദാസ് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. പുറത്തിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ സൈബർ ആക്രമണം നേരിടേണ്ടി വരിക ജാസ്മിനാണെന്നാണ് രഞ്ജിനി പറഞ്ഞത്.






