
വിചിത്രമായ നിരോധനങ്ങളും രീതികളും കൊണ്ട് നിഗൂഡമായ ഉത്തരകൊറിയ ചുന്ന ലിപ്സ്റ്റിക് നിരോധിച്ച് വീണ്ടും കൗതുകം ഉണര്‍ത്തുന്നു. ചോരയും ചെങ്കൊടിയുമായി ബന്ധപ്പെട്ട കമ്യൂണിസ്റ്റ് ആശയങ്ങളോട് ചേര്‍ന്നു കിടക്കുന്ന നിറമായതിന്റെ പേരിലല്ല നിരോധനം. പകരം മുതലാളിത്തത്തിന്റെ പ്രതീകമായി കാണുന്നതിനാലാണ് ചുവന്ന ലിപ്സ്റ്റിക്കിനെതിരേ നിരോധനം ഏര്‍പ്പെടുത്തുന്നത്.
പാശ്ചാത്യ സ്വാധീനത്തിന്റെ ദൃഷ്ടാന്തമായി കണക്കാക്കി കടുത്ത മേക്കപ്പിനെ പാരമ്പര്യമായി തന്നെ എതിര്‍ക്കുന്ന രാജ്യമാണ് ഉത്തരകൊറിയ. ചുവന്ന ലിപ്സ്റ്റിക്ക് സ്ത്രീകളെ കൂടുതല്‍ ആകര്ഷണീയരാക്കി മാറ്റുന്നു എന്നതാണ് ഭരണകൂടത്തിന്റെ ആശങ്ക. സ്ത്രീകള്‍ എളിമയും വിനയവും ഉള്ളവരായി കാണപ്പെടാനും അങ്ങിനെയുള്ള സര്‍ക്കാര്‍ നിലപാടുകളോട് യോജിച്ചുപോകാനുമാണ് നിരോധനം കൊണ്ടുവരുന്നത്.
ഉത്തര കൊറിയയില്‍ നിയമം അനുസരിച്ച് സ്ത്രീകള്‍ക്ക് കുറഞ്ഞ മേക്കപ്പ് മാത്രമേ അനുവദിക്കാറുള്ളു. അതിന് പുറമേ പാശ്ചാത്ത്യ മുതലാളിത്തത്തെ പ്രതിഫലിപ്പിക്കുന്ന സ്കിന്നി അല്ലെങ്കില്‍ ബ്ലൂ ജീന്‍സ്, ബോഡി പിയേഴ്സിംഗ്, മുള്ളറ്റ്, നീളമുള്ള മുടി തുടങ്ങിയ ചില ഹെയര്‍സ്റ്റൈലുകള്‍ എന്നിവയ്ക്കും നിരോധനഗമുണ്ട്. ഇവയെല്ലാം മുതലാളിത്ത പ്രത്യയശാസ്ത്രത്തെ പിന്പറ്റുന്നതായിട്ടാണ് കരുതപ്പെടുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഹെയര്‍സ്റ്റെലുകള്‍ പോലും രാജ്യം നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. ജനപ്രിയ ആഗോള ഫാഷന്‍, കോസ്മെറ്റിക് ബ്രാന്‍ഡുകള്‍ക്ക് ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനത്തിലെ ഏറ്റവും പുതിയതാണ് ചുവന്ന ലിപ്സ്്റ്റിക്. നിരോധനങ്ങളും നിയമങ്ങളും പാലിക്കാത്ത സാഹചര്യത്തില്‍ കടുത്ത ശിക്ഷയായിരിക്കും പൗരന്മാരെ തേടി വരിക. പലപ്പോഴും കിംഗ് ജോംഗ് ഉന്നിന്റെ നിലപാടുകളും രാജ്യത്തിന്റെ രീതികളും പുറത്തെത്താറില്ല. കടുത്ത ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന രാജ്യത്തിന്റെ പല രഹസ്യങ്ങളും പുറത്തുവിടാറില്ല.






