
കാസര്‍കോട്: പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ മലയാളം സംസാരിക്കുന്ന മെലിഞ്ഞയാള്ക്ക് വേണ്ടി തെരച്ചില്‍ നടത്തി പോലീസ്. കുട്ടിയുടെ മൊഴി പ്രകാരമുള്ളയാളെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. തുടക്കത്തില്‍ മോഷണം മാത്രമെന്ന് കരുതിയ സംഭവം മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി തെളിഞ്ഞത്.
മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ട് പോയതെന്നാണ് കുട്ടിയുടെ മൊഴി. ഒച്ചവെച്ചാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. കുട്ടി ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തുറന്നിട്ടിരുന്ന മുന്‍വാതിലിലൂടെ വീടിനകത്തുകയറി ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റര്‍ അകലെയുള്ള സ്ഥലത്ത് എത്തിച്ചായിരുന്നു പീഡനം. തുടര്‍ന്ന് സ്വര്ണ്ണകമ്മലുകള് മോഷ്ടിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു.
പുലര്‍ച്ചെ നടന്ന സംഭവം വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ അറിഞ്ഞില്ല. തൊഴുത്തില്‍ നിന്ന് മുറിയില്‍ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാതായത് അറിയുന്നത്. മുത്തച്ഛന് പശുവിനെ കറക്കാന്‍ വീടിന്റെ മുന്‍ വാതില്‍ തുറന്ന് തൊഴുത്തില്‍ പോയ സമയത്താണ് അക്രമി വീടിനകത്ത് കയറിയത്. കുട്ടിയെ പരിശോധന നടത്തിയപ്പോഴാണ് ലൈംഗിക പീഡനവും തെളിഞ്ഞത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സിസി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വീടിനെക്കുറിച്ച് അറിയാവുന്നയാളാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.






