
അമേഠി മണ്ഡലത്തിലെ വിരുദ്ധ വികാരം തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ സ്മൃതി ഇറാനി ക്യാമ്പ്. കോണ്‍ഗ്രസ് കെ എല്‍ ശര്‍മ്മയെയാണ് ഇറക്കിയിരിക്കുന്നതെങ്കിലും പ്രചാരണത്തില്‍ മുഖമായി പ്രിയങ്ക ഗാന്ധി മാറിയിരിക്കുകയാണ്. റാലികളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിശോരിലാല്‍ ശര്‍മ്മ ബിജെപിയുടെ പ്യൂണ്‍ പരിഹാസം അനുകൂലമാക്കാനാണ് ശ്രമിക്കുന്നത്.
അമേഠി മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് സ്മൃതി ഇറാനി. തോല്പിക്കാന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധിയെ അമേഠിയിലേക്ക് ക്ഷണിച്ചെങ്കിലും ഒടുവില്‍ കോണ്‍ഗ്രസ് അവിടേക്ക് വിട്ടത് കെ എല്‍ ശര്‍മ്മയേയാണ്. എതിര് സ്ഥാനാര്‍ത്ഥി ദുര്‍ബലനാണെന്ന വിലയിരുത്തലില്‍ സ്മൃതി ഇറാനിയുടെ പ്രചാരണത്തിന്റെ പകിട്ട് കുറഞ്ഞു. ഉത്തര്‍പ്രദേശിലെ മറ്റ് മണ്ഡലങ്ങളില്‍ പ്രധാനമന്ത്രിയും മറ്റ് നേതാക്കളുമെത്തിയെങ്കിലും അമേഠിയിലേക്ക് സന്നാഹങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല.
ഗാന്ധി കുടുംബത്തിലെ പ്യൂണ്‍ എന്ന പരിഹാസം ബിജെപി ശക്തമാക്കുമ്പോള്‍ ശര്‍മ്മക്കായി പ്രിയങ്ക ഗാന്ധിയാണ് മണ്ഡലത്തില്‍ വോട്ട് തേടുന്നത്. രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്നും, ഗാന്ധി കുടുംബത്തിന്റെ ബലിയാടാണ് ശര്മ്മയെന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ക്ക് പ്രിയങ്ക മറുപടി നല്കുന്നു.






