
തിരുവനന്തപുരം: വിദേശ സന്ദര്‍ശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്തെത്തി. ഇന്ന് ദുബായിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷമേ മടങ്ങൂ എന്നാണ് മുൻപ് അറിയിച്ചിരുന്നതെങ്കിലും പരിപാടി ഒഴിവാക്കിയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്.
ദുബായ്, സിംഗപൂർ, ഇന്തോനീഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്. അതേസമയം മുഖ്യമന്ത്രിയ്ക്കൊപ്പം വിദേശത്തേക്ക് പോയ മന്ത്രി മുഹമ്മദ് റിയാസ് മടങ്ങിയെത്തിയിട്ടില്ല. ദുബായിൽ ഇന്ന് നടക്കുന്ന പരിപാടികളിൽ കൂടി പങ്കെടുത്ത ശേഷമാകും റിയാസിന്റെ മടക്കമെന്നാണ് റിപ്പോർട്ടുകൾ. ഭാര്യ കമലയും മകള്‍ വീണയും ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും മകന് വിവേകും ചെറുമകനും മുഖ്യമന്ത്രിക്കൊപ്പം വിദേശ യാത്രയില്‍ ഉണ്ടായിരുന്നു. വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഡിജിപി അടക്കം വിമാനത്താവളത്തില്‍ എത്തിച്ചേരുമായിരുന്നു. എന്നാല്‍, ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തില്‍ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയതിനെതിരെ ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയതെന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു
അടിയന്തര തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തതെന്താണെന്നും വി.ഡി.സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്ര അനവസരത്തിലാണോ എന്ന സംശയം എൽഡിഎഫിനകത്തുനിന്ന് തന്നെ ഉയർന്നിരുന്നു. മൂന്ന് രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് മുൻപ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് സിംഗപ്പൂർ യാത്ര ഒഴിവാക്കി മുഖ്യമന്ത്രി ഇന്തോനേഷ്യയിൽ നിന്ന് ദുബായിലേക്ക് പോകുകയായിരുന്നു.






