
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നം രൂക്ഷമാക്കി മുന്‍ വനിതാക്കമ്മീഷന് അംഗം സ്വാതി മലിവാലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി.എ. ബിഭവ്കുമാറും തമ്മില്‍ നടക്കുന്ന പോരില്‍ സ്വാതി മലിവാലിനെതിരേ പോലീസില്‍ പരാതി നല്കി ബിഭവ് കുമാറും. സ്വാതി മലിവാല്‍ അരവിന്ദ് കെജ്രിവാളിന്റെ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയെന്നും ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്്. കൂടിക്കാഴ്ചയ്ക്ക് അനുമതി വാങ്ങാതെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി എന്നാണ് ആക്ഷേപം.
മുഖ്യമന്ത്രിയുമായി അപ്പോയിന്റ്മെന്റ് എടുക്കാന്‍ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ അധിക്ഷേപിക്കുകയും സുരക്ഷാ പ്രോട്ടോക്കോള്‍ അവഗണിക്കുകയും ചെയ്തുവെന്ന് കുമാര്‍ അവകാശപ്പെട്ടു. കെജ്രിവാളിന്റെ വസതിയില്‍ എത്തിയ സ്വാതി അവിടെ സ്വീകരണമുറിയില്‍ അതിക്രമിച്ചു കയറി. സുരക്ഷാ ജീവനക്കാരെ മറികടന്ന് മുമ്പോട്ട് പോയപ്പോ സുരക്ഷാജീവനക്കാരെത്തി സ്വാതിയെ പിടിച്ചു മാറ്റുകയായിരുന്നു എന്നും തുടര്‍ന്ന് സ്വാതി ഡല്‍ഹി പോലീസിനെ തന്റെ ഫോണില്‍ വിളിച്ച് ആക്രമിച്ചതായി പറയുകയുമായിരുന്നെന്നാണ് ബിഭവ് കുമാര്‍ പറയുന്നത്.
സ്വാതി തനിക്കെതിരേ നല്‍കിയത് കെട്ടിച്ചമച്ച പരാതിയാണെന്നും ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും കുമാര്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയും ബിജെപി നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം സ്വാതിയുടെ പരാതിയില്‍ നടപടി കടുപ്പിക്കാനൊരുങ്ങുകയാണ് ഡല്‍ഹി പോലീസ്. ബിഭവ് കുമാറിനെയും കെജ്രിവാളിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെയും നോട്ടീസ് നല്കി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി ബിഭാവ് കുമാര്‍ തന്നെ 'ഏഴ് മുതല്‍ എട്ട് തവണ വരെ' തല്ലുകയും 'അലര്‍ച്ച തുടരുകയും' തന്റെ 'നെഞ്ചിലും വയറ്റിലും' ചവിട്ടുന്നതിനിടയില്‍ 'ക്രൂരമായി വലിച്ചിഴയ്ക്കുകയും' ചെയ്തുവെന്നും മലിവാള്‍ പരാതിയില്‍ ആരോപിച്ചു. ഡല്‍ഹി പോലീസ് എഫ്ഐആര്‍ പ്രകാരം മെയ് 13-ന് മുഖ്യമന്ത്രി കെജ്രിവാളിന്റെ സിവില്‍ ലൈനിലെ വസതിയില്‍ പോയപ്പോഴുണ്ടായ സംഭവങ്ങള്‍ മലിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചത് ഇങ്ങിനെയായിരുന്നു. ഇന്നലെ രാത്രിയാണ് ബിഭവ്കുമാര്‍ പരാതി നല്‍കിയത്.






