
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഗംഗാസാഗര്‍ ഉത്സവത്തില്‍ തിക്കിലും തിരക്കിലുംപ്പെട്ട് ആറു മരണം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗംഗാ നദിക്കരയിലെ ഗംഗാസാഗര്‍ ദ്വീപിലാണ് അപകടം. പുണ്യസ്നാനത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം നടന്നത്.
കാച്ചുബെരിയ ഗട്ടിലേക്ക് പോകാന്‍ ഭക്തര്‍ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണം. ഗംഗാസാഗര്‍ സ്നാനത്തിനായി നിരവധിയാളുകളാണ് ഇവിടെ എത്തിയിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ കണക്ക്. മകര സംക്രമ ദിനത്തില്‍ ഇവിടെ സ്നാനം നടത്തുന്നതിനും അടുത്തുള്ള കപില മുനിയുടെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിനുമായാണ് ഭക്തര്‍ എത്തിയത്.
ആറ് വര്‍ഷങ്ങള്‍ മുമ്പ് സമാനമായ രീതിയില്‍ ഏഴ് പേര് മരിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.






