
ബോളിവുഡ് സെലിബ്രിറ്റികളുടെ പിറകെയാണ് എപ്പോഴും പാപ്പരാസികൾ. അവർ പങ്കിടുന്ന ചില വാർത്തകൾ വെറും അഭ്യൂഹങ്ങളായി മാത്രം മാറുമ്പോൾ മറ്റു ചിലത് സത്യമായി വരുകയും ചെയ്യുന്നു.
ഇപ്പോഴിതാ അക്കൂട്ടത്തിൽ ഒന്നായി മാറുകയാണ് കത്രീന കൈഫ് വിക്കി കൗശൽ താരദാമ്പതികളുടെ ഒരു വാർത്ത. വിക്കിയുടെ 36-ാം ജന്മദിനത്തിൽ, മൂന്ന് ഹൃദയവും മൂന്ന് കേക്ക് ഇമോജികളും സഹിതം കത്രീന വിക്കിയുടെ ചില സ്പെഷ്യൽ ഫോട്ടോകൾ പങ്കിട്ടു. ഇത് ദമ്പതികൾ തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ടോ എന്ന സംശയത്തിലേക്ക് നയിച്ചു. ലണ്ടനിൽ നിന്നുള്ള താരദമ്പതിമാരുടെ ഒരു വിഡിയോയും സംശയത്തിന് കാരണമാകുന്നു. നീണ്ട ഓവർകോട്ടും ധരിച്ചു വിക്കിയ്ക്കൊപ്പം നടക്കുന്ന കത്രീനയുടെ വീഡിയോയിൽ താരത്തിന്റെ ബേബി ബമ്പ് കാണമെന്നാണ് ആരാധകർ കുറിക്കുന്നത്. ദീപികയ്ക്ക് മുൻപ് കത്രീനയുടെ കുഞ്ഞിനെയാകും ആരാധകർ കാണുക എന്നതാണ് പലരും കമന്റുകളിൽ കുറിക്കുന്നത്.
ചോദ്യങ്ങളും അഭിനന്ദനങ്ങളുമായി ആരാധകർ കമന്റുകൾ നിറയുമ്പോൾ, കത്രീനയിൽ നിന്നോ വിക്കിയിൽ നിന്നോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.






