
കൊച്ചി: രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും. മത്സ്യക്കര്‍ഷകര്‍ക്ക് വന്‍ നഷ്ടം ഉണ്ടാക്കിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്ന് അന്വേഷണം തുടങ്ങും. 150ലേറെ മത്സ്യക്കൂടുകള്‍ പൂര്‍ണ്ണമായി നശിച്ചുപോയതായിട്ടാണ് പ്രാഥമിക കണക്കുകള്‍. വ്യവസായ മേഖലയില്‍ നിന്ന് ഏതെങ്കിലും കമ്പനി രാസമാലിന്യം ഒഴുക്കി വീട്ടിട്ടുണ്ടോയെന്ന് അറിയാന്‍ സിസി ടിവി ക്യാമറകള്‍ പരിശോധിക്കും.
മലിനീകരണ നിയന്ത്രബോര്‍ഡ്, ജലസേചന വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയവരെല്ലാം ഒരുമിച്ചുള്ള അന്വേഷണമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരാണ് നഷ്ടങ്ങളുടെ കണക്കെടുക്കുന്നത്. പിസിബി യുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്ന് എലൂര്‍ പിസിബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. മലിനീകരണ നിയന്ത്രണ വകുപ്പിന്റെ കടവന്ത്രയിലെ ലാബിലാണ് പുഴയില്‍ നിന്നെടുത്ത വെള്ളം പരിശോധിക്കുന്നത്. ചത്ത മീനിന്റെ സാമ്പിള്‍ കുഫോസിലാണ് പരിശോധിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് കോടികളുടെ നഷ്ടമാണ് മത്സ്യ കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ മത്സ്യങ്ങള്‍ ചത്തത്. ചേരാനെല്ലൂര്‍, കടമക്കുടി പഞ്ചായത്തുകളിലാണ് കൂടുതല്‍ നഷ്ടം. കഴിഞ്ഞ ദിവസം രാത്രിയാണ് പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്ന സ്ഥിതി ഉണ്ടായത്. പാതാളത്തെ ബണ്ട് തുറന്നപ്പോള്‍ കൂടിക്കിടന്ന രാസമാലിന്യം പുഴയില്‍ കലര്‍ന്നതായിരിക്കാം കാരണമെന്നാണ് നിഗമനം. ബണ്ട് തുറന്നപ്പോള്‍ മുന്‍കരുതലുകള്‍ എടുത്തോ എന്ന കാര്യത്തിലും വ്യക്തത വരുത്തും.






