
ഹിന്ദി കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് ഷെഹനാസ് ഗില്‍. പഞ്ചാബി, ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സല്മാന് ഖാന് അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിമൂന്നാം സീസണില്‍ മത്സരിച്ച് മൂന്നാം സ്ഥാനം നേടിയാണ് താരമതില്‍ നിന്ന് പുറത്തിറങ്ങിയത്. ആ ഷോയിലൂടെ ഷെഹനാസിന് ഒരു ഉറ്റ സുഹൃത്തിനെയും കിട്ടിയിരുന്നു, സിദ്ധാര്‍ത്ഥ ശുക്ല.
പക്ഷേ സീസണ് വിജയിയും നടനുമായ സിദ്ധാര്‍ത്ഥയുടെ ശുക്ലയുടെ അകാലവിയോഗം ബോളിവുഡ് ലോകത്തെയും ടെലിവിഷന്‍ ആരാധകരെയുമെല്ലാം ഒരുപോലെ ഞെട്ടിച്ചു. ഷോയില്‍ എല്ലായ്പോഴും ഒരുമിച്ചാണ് ഇരുവരെയും കണ്ടിരുന്നത്. ഇവര്‍ തമ്മില്‍ പ്രണയമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഷെഹനാസ് ഇത്തരത്തിലുള്ള സൂചനകള്‍ പരസ്യമായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രണയം ഒദ്യോഗികമായി ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ബിഗ് ബോസ് നടക്കുമ്പോള്‍ വലിയൊരു ആരാധകവൃന്ദം തന്നെ സിദ്ധാര്‍ത്ഥ്- ഷെഹനാസ് കോംബോയ്ക്ക് പുറത്തുണ്ടായിരുന്നു. ‘സിദ്നാസ്’ എന്ന പേരില്‍ ഇരുവരെയും ആഘോഷിച്ചിരുന്നു ആരാധകര്‍. ബിഗ് ബോസിന് പുറത്തെത്തിയ ശേഷവും സിദ്ധാര്‍ത്ഥും ഷെഹനാസും തമ്മില്‍ അതേ കൂട്ടുകെട്ട് തുടരുകയായിരുന്നു. ഇരുവരുടെയും വീട്ടുകാരും പരസ്പരം ചങ്ങാത്തത്തില്‍ തന്നെയായിരുന്നു. വൈകാതെ ‘സിദ്നാസ്’ ജോഡിയുടെ വിവാഹമുണ്ടാവും എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് സിദ്ധാര്‍ത്ഥിന്റെ അപ്രതീക്ഷിത വിയോഗം.
ഇപ്പോഴിതാ മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സിദ്ധാര്‍ത്ഥിനെക്കുറിച്ച് പറയുമ്പോള്‍ ഷെഹനാസിന്റെ കണ്ണുകള്‍ നിറയുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ക്കിടയിലും ഷെഹനാസ് ചിരിക്കാന്‍ ശ്രമിക്കുന്നുണ്ട് താരം. ഇപ്പോഴും താരം സിദ്ധാര്‍ത്ഥിനെ മിസ്സ് ചെയ്യുന്നുണ്ടെന്നാണ് വീഡിയോയ്ക്ക് പലരും നല്കുന്ന കമന്റുകള്‍.
ബിഗ് ബോസിലൂടെ സിദ്ധാര്‍ത്ഥിന്റെ ഉറ്റ സുഹൃത്തായി മാറിയ ഷെഹനാസ്, സിദ്ധാര്‍ത്ഥിന്റെ മരണത്തെ തുടര്‍ന്ന് ഷെഹനാസ് മാനസികമായി ഏറെ തളര്‍ന്ന അവസ്ഥയിലായിരുന്നു. ഷെഹനാസിന്റെ സഹോദരന് ഷെഹബാസും സിദ്ധാര്‍ത്ഥും കൂട്ടുകാരെ പോലെയാണ് പരസ്പരം ഇടപെട്ടിരുന്നത്. ഷെഹനാസിനൊപ്പം സിദ്ധാര്‍ത്ഥിന്റെ സംസ്കാരച്ചടങ്ങില്‍ മുഴുവന്‍ സമയവും ഷെഹബാസ് ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഷെഹബാസും സിദ്ധാര്‍ത്ഥിന്റെ മരണം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് പലവട്ടം മീഡിയയ്ക്ക് മുമ്പില്‍ പറഞ്ഞിരുന്നു.






