
കൊച്ചി: അവയവക്കടത്ത് കേസിലെ ഇരയായ പാലക്കാട് സ്വദേശി ഷമീറിനായി പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തുമ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ സജീവമായി ഷമീര്‍. ബാങ്കോക്കില്‍ നിന്നും മലേഷ്യയിലേക്ക് പോകുകയാണെന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറയുന്നു. ഷമീര്‍ ബാങ്കോക്കില്‍ ഉണ്ടെന്ന് സുഹൃത്തുക്കളും വാര്‍ഡ് കൗണ്‍സിലറും നേരത്തേ സ്ഥിരീകരിച്ചിരുന്നു.
ഷമീറിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളും ജില്ലാ പോലീസ്മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നുണ്ട്. മകന് അവയവദാനം നടത്തിയതായി അറിയില്ലെന്നാണ് പിതാവിന്റെയും പ്രതികരണം. ഒരു വര്‍ഷത്തിലധികമായി ഷമീറുമായി ബന്ധമില്ല. നേരത്തേ സാമ്പത്തീക പ്രശ്നത്തിന്റെ പേരില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതാണ്. പാസ്പോര്‍ട്ട്, ആധാര്‍ തുടങ്ങിയ രേഖകളും ഷമീര്‍ കൊണ്ടുപോയിരുന്നതായും പിതാവ് പറഞ്ഞു. എന്നാല്‍ ഷമീറിനെ ഇറാനില്‍ എത്തിച്ചെന്നാണ് അവയവക്കടത്ത് കേസിലെ പ്രതി നാസര്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയത്.
സാബിത്തിനെ പിടികൂടിയതോടെയാണ് അവയവക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അവയവക്കച്ചവട സംഘത്തിലെ പ്രധാനിയായ സാബിത്തിനു രാജ്യാന്തബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 20 പേരെ ഇറാനിലേക്ക് കടത്തിശയന്നാണ് സാബിത്ത് നല്കിയ മൊഴി. എട്ടു സംസ്ഥാനങ്ങളില്‍ നിന്നായി ആളുകളെ കൊണ്ടുപോയിട്ടുണ്ട്.
ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്താണ് സാബിത്ത് ഇരകളെ കടത്തുന്നത്. എന്നാല്‍ അവയവമെടുത്ത ശേഷം തുച്ഛമായ തുക നല്കി തിരികെയെത്തിക്കും. ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയാണ് അവയവക്കച്ചവടത്തിന്റെ താവളമെന്നും സാബിത്തിന്റെ മൊഴിയിലുണ്ട്. കൊച്ചി നെടുമ്പാശേരിയില്‍ നിന്നാണ് സാബിത്ത് പിടിയിലായത്. സാബിത്തിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. കോടതി അപേക്ഷ ഇന്ന് പരിഗണിച്ചേക്കും.






