
കൊച്ചി : ചക്രവാതച്ചുഴിക്കു പിന്നാലെ തെക്കു കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദംകൂടി രൂപമെടുത്തതോടെ സംസ്ഥാന വ്യാപകമായി കനത്ത മഴയ്ക്കു സാധ്യത. കേരളത്തിനു വലിയ ഭീഷണിയാകില്ലെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷയ്ക്കുസമീപം രൂപംകൊണ്ട മറ്റൊരു ന്യൂനമര്‍ദം ചുഴലിക്കാറ്റായേക്കുമെന്ന് ആശങ്ക. അടുത്ത ദിവസം ഇടിയും മിന്നലും കാറ്റും ഉണ്ടാകുമെന്നും സൂചനകളുണ്ട്.
തെക്കന്‍ കേരളത്തിലും സമീപത്തുമായി നിലയുറപ്പിച്ച ചക്രവാതച്ചുഴി സമുദ്രനിരപ്പില്‍നിന്ന് 7.6 കിലോമീറ്റര്‍ ഉയരത്തിലാണ് വ്യാപിച്ചിരിക്കുന്നത്. കേരളതീരത്തോട് അടുത്താണ് തെക്കു കിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദമേഖല. രണ്ടിന്റെയും സാന്നിധ്യം മഴയുടെ കരുത്തു കൂട്ടുമെന്നാണു വിലയിരുത്തല്‍. ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കരയിലും അറബിക്കടലിലും കനത്ത മഴയാണ് രണ്ടു ദിവസമായി പെയ്യുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷയ്ക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായാല്‍ 'റിമല്‍' എന്ന പേരില്‍ അറിയപ്പെടും. മണ്‍സൂണിനു മുമ്പുള്ള ആദ്യ ചുഴലിക്കാറ്റാകുമിത്. കാലവര്‍ഷത്തിനു മുമ്പ് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദമുണ്ടാകുമെന്ന് കഴിഞ്ഞ 19 നു 'മംഗളം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. മണ്‍സൂണിനു മുമ്പേ അറബിക്കടലില്‍ ന്യൂനമര്ദമുണ്ടാകുന്നതു കേരളത്തിലെ മഴയുടെ കരുത്തുകൂട്ടും.
കാറ്റ് മഴമേഘങ്ങളെ കരയിലേക്കു കൂടുതല്‍ അടുപ്പിച്ചാല്‍ മഴയാഘാതം ഇരട്ടിയാകും. മുന്മാസങ്ങളിലെ കുറവിനു പരിഹാരംചെയ്ത് തിമിര്‍ത്തു പെയ്ത് മണ്‍സൂണിനു വഴിമാറാന്‍ വേനല്‍മഴ. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സംസ്ഥാനത്തെ വരള്‍ച്ചാസമാന സാഹചര്യത്തിലേക്കു തള്ളിവിട്ട മഴക്കുറവ് നികത്തി മേയില്‍ പെരുമഴപ്പെയ്ത്ത്.
കഴിഞ്ഞ മാസം അവസാനിക്കുമ്പോള്‍ 62 ശതമാനമായിരുന്നു മഴക്കുറവ്. ഇതിനിടയില്‍ ചുട്ടുപൊള്ളിച്ച് സംസ്ഥാനത്ത് റെക്കോഡ് താപനിലയും രേഖപ്പെടുത്തി. ഇൗ മാസം ആദ്യ ആഴ്ചയ്ക്കുശേഷം കഥമാറി. പല ജില്ലകളിലും മഴ തിമിര്‍ത്തു.
22 നും 23 നും സംസ്ഥാനത്തു വ്യാപകമായി മഴയും കാറ്റുമുണ്ടായി. 22 ന് പലയിടത്തും ലഘുമേഘവിസ്ഫോടന സമാന മഴയാണു പെയ്തതെന്നു വിദഗ്ധര്‍ പറയുന്നു. മണിക്കൂറില്‍ 10 സെന്റീമീറ്റര്‍ മഴ ആലപ്പുഴയിലെ പലഭാഗത്തുമുണ്ടായി. സംസ്ഥാനത്ത് 22 കേന്ദ്രങ്ങളില്‍ 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ രേഖപ്പെടുത്തി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ 215 മില്ലീമീറ്ററും തൈക്കാട്ടുശേരിയില്‍ 194.5 മില്ലീമീറ്ററുമായിരുന്നു മഴപ്പെയ്ത്ത്. പൊന്നാനിയില്‍ 195 മില്ലീമീറ്റര്‍ മഴ കിട്ടി.
കഴിഞ്ഞ മാര്‍ച്ച് ഒന്നു മുതല്‍ ഇന്നലെവരെ സംസ്ഥാനത്ത് 327.3 മില്ലീമീറ്റര്‍ മഴയാണു ലഭിച്ചത്. ഇത് സാധാരണയേക്കാള്‍ 18 ശതമാനം അധികമാണ്. തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിച്ചു. എന്നാല്‍ ഇടുക്കി ജില്ലയില്‍ 34 ശതമാനം മഴക്കുറവുണ്ടായി. പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ സീസണില്‍ ലഭിക്കേണ്ട മുഴുവന്‍ മഴയും ലഭിച്ചു. മേയില്‍ ഇതുവരെ 220.3 മി.മീ. മഴ കിട്ടി. 66 ശതമാനം അധികമാണിത്. തിരുവനന്തപുരം (325 മി.മീ), പത്തനംതിട്ട (294 മി.മീ) ജില്ലകളിലാണ് ഇക്കാലയളവില്‍ മഴക്കൂടുതല്‍.






