
പാലക്കാട്: ഡിവൈഎഫ്‌ഐ നേതാക്കൾ ‘പൂക്കികളാകരുത്’ എന്ന വിമർശനം ജില്ലാ സമ്മേളനത്തിൽ ഉയർന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ, സംസ്ഥാന നേതൃത്വത്തിനെതിരെയാണ് സമ്മേളന വേദിയിൽ രൂക്ഷ വിമർശനം ഉയർന്നത്.
യുവജനങ്ങളെ ആകർഷിക്കാനെന്ന പേരിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുമ്പോൾ ഗൗരവം നഷ്ടപ്പെടരുതെന്നും, ഗൗരവമുള്ള വിഷയചർച്ചകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു.
കഴിഞ്ഞ പത്ത് വർഷമായി ഡിവൈഎഫ്‌ഐ എൽഡിഎഫ് സർക്കാരിന്റെ പി.ആർ. ടീമായി പ്രവർത്തിച്ചതായി വിമർശനമുയർന്നു. ഗൗരവസ്വഭാവമുള്ള സമരങ്ങളിൽ നിന്ന് സംഘടന പിന്മാറിയത് തിരിച്ചടിയായെന്നും ജില്ലാ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
സിപിഒ റാങ്ക് ലിസ്റ്റ് സംരക്ഷണ പോരാട്ടം ഉൾപ്പെടെ മുൻപ് ഡിവൈഎഫ്‌ഐ മുന്നിൽ നിന്നിരുന്ന സമരങ്ങൾ ഇപ്പോൾ ഏറ്റെടുക്കുന്നത് എസ്എഫ്‌ഐയാണെന്നും ചൂണ്ടിക്കാട്ടി. പാലക്കാട്ടെ ഡിവൈഎഫ്‌ഐ നേതൃത്വത്തിലെ ചിലർ അവസരവാദ രാഷ്ട്രീയത്തിൽ ഏർപ്പെടുന്നുവെന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നു.






