
ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രത്യക്ഷമായി എന്ന് കരുതിയിരുന്ന തിമിംഗലങ്ങളെ വീണ്ടും കണ്ടെത്തിയതായി ഗവേഷകര്‍. വംശനാശം സംഭവിച്ചുവെന്ന് കരുതിയിരുന്ന നീല - ചാരനിറത്തിലുള്ള സെയ് തിമിംഗലങ്ങളെയാണ് (Sei Whales) അര്‍ജന്റീനയിലെ പാറ്റഗോണിയന്‍ തീരത്ത് നിന്ന് വീണ്ടും കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ തിമിംഗലങ്ങളുടെ ഈ പുനരുജ്ജീവനം പ്രകൃതിയുടെ പ്രതിരോധശേഷിയിലേക്കും ആഗോള സംരക്ഷണ ശ്രമങ്ങളുടെ നല്ല സ്വാധീനത്തിലേക്കും വിരല്‍ ചൂണ്ടുന്നതാണെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു.
28 ടണ്‍ വരെ ഭാരമുള്ള ഇയ്ക്ക് 64 അടി നീളം ഉണ്ടാകും. സെയ് തിമിംഗലങ്ങളുടെ നീല കലര്‍ന്ന ചാര നിറം സമുദ്ര ആവാസ വ്യവസ്ഥയില്‍ മറഞ്ഞിരിക്കാന്‍ ഇവയെ സഹായിക്കുന്നു. ഭക്ഷണം തേടി കിലോമീറ്ററുകളോളം നീന്താന്‍ ഇവയ്ക്ക് കഴിയുന്നു. ഭക്ഷണം തേടിയുള്ള അലച്ചില്‍ ഇവയെ ദേശാടന പ്രിയരാക്കുന്നു. പ്രധാനമായും ചെറിയ മത്സ്യങ്ങളാണ് ഇവയുടെ ഭക്ഷണം. ഭക്ഷണം തേടി എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാന്‍ ഇവയ്ക്ക് മടിയില്ല.
ഒരിക്കല്‍ പാറ്റഗോണിയയിലെ ജലാശയങ്ങളില്‍ സമൃദ്ധമായിരുന്നു സെയ് തിമിംഗലങ്ങള്‍. എന്നാല്‍ വാണിജ്യ തിമിംഗല വേട്ടയിലൂടെ ഇവയുടെ എണ്ണം വിനാശകരമായ രീതിയില്‍ കുറയുകയായിരുന്നു. ഒടുവില്‍ ഇവ അപ്രത്യക്ഷമാക്കുന്ന സ്ഥിതിയിലേക്ക് എത്തി. സെയ് തിമിംഗലത്തിന്റെ എണ്ണയും മാംസവും ആയിരുന്നു വാണിജ്യ വേട്ടക്കാരുടെ പ്രിയപ്പെട്ട ഇരയായി ഇവയെ മാറ്റിയത്. ഇപ്പോള്‍ വീണ്ടും ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത് ജീവ ലോകത്തിന് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് ഗവേഷകര്‍ പറയുന്നു. സമുദ്ര ജീവികളുടെ സംരക്ഷണത്തിനായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുണ്ട് എന്നതിന് തെളിവാണ് സെയ് തിമിംഗലങ്ങളുടെ കടന്നുവരവ് എന്നും ഗവേഷകര്‍ വിലയിരുത്തുന്നു.






