
ബോളിവുഡ് താരങ്ങളിൽ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ആലിയ ഭട്ട്. താരത്തിന്റെയും രണ്‍ബീർ കപൂറിന്റെയും മകള്‍ റാഹ കപൂറും ആരാധകർക്ക് ഏറെ പ്രിയമുള്ള താരപുത്രിയാണ്. റാഹ ജനിച്ച്
ഏറെനാള്‍ മീഡിയയുടെയും പാപ്പരാസികളുടെയും കണ്മുന്നില് നിന്ന് മുഖം മറച്ചുപിടിക്കുകയായിരുന്നു ആലിയയും രണ്‍ബീറും. മകളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങളൊന്നും ആലിയയും രണ്‍ബീറും പങ്കുവച്ചിട്ടില്ല. അന്നൊക്കെ മകളുടെ ചിത്രങ്ങള്‍ പകർത്തരുതെന്ന് ആലിയയും രണ്‍ബീറും പാപ്പരാസികളോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ആലിയയും രണ്‍ബീറും ആദ്യമായി മകളെ ക്യാമറയ്ക്ക് മുന്നിൽ കൊണ്ടുവന്നു. അതിനുശേഷം റാഹയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ, കുഞ്ഞു റാഹയ്ക്ക് ഒപ്പമുള്ളൊരു ചിത്രം പങ്കിട്ടിരിക്കുകയാണ് ആലിയ. റാഹയെ മടിയിലിരുത്തി കഥ പറഞ്ഞു കൊടുക്കുന്ന ആലിയയെ ആണ് ചിത്രത്തിൽ കാണുന്നത്. റാഹയുടെ മുഖം വ്യക്തമായി കണ്ടില്ലെങ്കിലും വായിച്ച് കൊടുക്കുന്ന പുസ്തകം കൃത്യമായി കാണാം. "ബേബി ബീ കൈൻഡ്..." എന്ന പുസ്തകമാണ് ആലിയ മകൾക്ക് വായിച്ചു കൊടുക്കുന്നത്. അത് തന്നെയാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷനും.
2022 ലാണ് രണ്‍ബീറും ആലിയയും വിവാഹിതരായത്. വിവാഹത്തിന് തൊട്ടു പിന്നാലെ, താൻ ഗർഭിണിയാണെന്ന് ആലിയ പ്രഖ്യാപിച്ചത് ആരാധകർക്ക് വലിയ സർപ്രൈസ് ആയിരുന്നു.
2022 ൽ തന്നെയാണ് റാഹയുടെ ജനനവും. സമാധാനം, സ്വാതന്ത്ര്യം, സന്തോഷം എന്നൊക്കെയാണ് പല ഭാഷകളിലായി 'റാഹ' എന്നതിന്റെ അർത്ഥം. കപൂർ കണ്ണുകള്‍ ലഭിച്ച പെണ്‍കുട്ടി എന്നാണ് സോഷ്യല്‍ മീഡിയ റാഹയെ വിശേഷിപ്പിക്കുന്നത്. കപൂർ കുടുംബാംഗങ്ങളില്‍ പലരിലും കണ്ടുവരുന്ന അല്‍പ്പം ഇളം നിറമുള്ള കണ്ണുകളാണ് റാഹയ്ക്കും കിട്ടിയിരിക്കുന്നത്. ഇളം നീല കണ്ണുകളായിരുന്നു രാജ് കപൂറിന്, കരീഷ്മ കപൂറിനും സമാനമായ ഇളം നീല കണ്ണുകള്‍ ലഭിച്ചപ്പോള്‍ കരീന കപൂറിന് കിട്ടിയത് ഇളം പച്ച കണ്ണുകളാണ്. രണ്‍ബീറിന്റെ പിതാവായ ഋഷി കപൂറിനും ഇളം നീല നിറമുള്ള കണ്ണുകളായിരുന്നു.






