
ജയിലുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പുറം ലോകവുമായി ബന്ധമില്ലാതെ കിടക്കുന്ന ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ മുഖമായിരിക്കും ആദ്യം ഓര്‍മവരുന്നത്. പക്ഷേ, ഇതുപോലെ ഒരു ജയില്‍ നിങ്ങള്‍ എവിടെയും കാണാന്‍ സാധ്യതയില്ല. അതായത്, ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ജയിലാണ് ഇത്. രണ്ടേരണ്ട് തടവുകാരെയാണ് ഈ ജയിലില്‍ ആകെ പാര്‍പ്പിക്കാന്‍ സാധിക്കുക.
168 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ജയില്‍ നിര്‍മ്മിച്ചിരിക്കുന്നതത്രെ. ഡെയ്ലി സ്റ്റാര്‍ ന്യൂസ് അനുസരിച്ച്, ഇംഗ്ലീഷ് ചാനലിലെ സാര്‍ക്ക് ദ്വീപിലാണ് ഈ ജയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനെ ലോകത്തിലെ ഏറ്റവും ചെറിയ ജയിലായി കണക്കാക്കപ്പെടുന്നു. 1856 -ലാണ് ഇത് നിര്‍മ്മിച്ചത്. 2 തടവുകാരെ മാത്രമെ ഇവിടെ പാര്‍പ്പിക്കാന്‍ സാധിക്കൂ. നിര്‍മ്മിച്ച ശേഷം അന്നും ഇന്നും ഇതിന്റെ പുറത്ത് നിന്നുള്ള രൂപത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല.
പക്ഷേ, അകത്തെ രൂപം മാറിയിട്ടുണ്ട്. ടാപ്പ്-ടോയ്ലെറ്റ് സൗകര്യങ്ങളും വൈദ്യുതിയും വന്നു. ജയില്‍ സ്ഥിതി ചെയ്യുന്ന സാര്‍ക്ക് ദ്വീപും വളരെ ചെറുതാണ്. 5.4 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. 2023 -ലെ സെന്‍സസ് പ്രകാരം 562 ആളുകളാണ് ഈ ദ്വീപില്‍ താമസിക്കുന്നത്.
1832 -ലാണ് ഈ ജയില്‍ പണിയാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍, ആരുടെയും കയ്യില്‍ പണമില്ലാത്തതിനാല്‍ അത് പൂര്‍ത്തിയാക്കാന്‍ 24 വര്‍ഷമെടുത്തു. രണ്ട് മുറികളാണ് ഇവിടെയുള്ളത്. ഒരു മരത്തിന്റെ ബെഡ്ഡും ഇവിടെ ഉണ്ട്.
ഒരു തടവുകാരനെ രണ്ടോ മൂന്നോ ദിവസമേ ഇവിടെ താമസിപ്പിക്കാനാകൂ. മാത്രമല്ല, ഈ ദ്വീപില്‍ വലിയ കുറ്റകൃത്യങ്ങളൊന്നും നടക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ട് ഇവിടെ രണ്ട് പൊലീസുകാര്‍ മാത്രമേ ഉള്ളൂ. എന്നാല്‍, മറ്റ് ചിലര്‍ പറയുന്നത്. ഇവിടെ ചെറിയ കുറ്റകൃത്യങ്ങളൊക്കെ നടക്കുന്നുണ്ട്. പക്ഷേ, സ്ഥലമില്ലാത്തതിനാല്‍ ആരേയും അറസ്റ്റ് ചെയ്യാത്തതാണ് എന്നാണ്.






