
ജാർഖണ്ഡിലെ റാഞ്ചിയില്‍ ബാർ ജീവനക്കാർ മദ്യം നൽകാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ഡിജെയെ വെടിവച്ച് കൊന്നു. ഷോർട്ട്സ് മാത്രം ധരിച്ച ഇയാള്‍ ടീ ഷർട്ട് കൊണ്ട് മുഖം മറച്ച് പോയിന്റ് ബ്ലാങ്കിൽ വെടിവെയ്ക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.
ഇന്നലെയാണ് പുലർച്ചെ ഒരു മണിയോടെയാണ് നാല് പേരടങ്ങിയ സംഘമെത്തി മദ്യം ആവശ്യപ്പെട്ടത്. ബാർ പൂട്ടിയെന്നും മദ്യം നൽകാനാവില്ലെന്നും ജീവനക്കാർ വ്യക്തമാക്കി. ഇതോടെ സംഘം ബാർ ജീവനക്കാരോട് തർക്കം തുടങ്ങി. തർക്കത്തിനിടെ സംഘത്തിലെ ഒരാൾ റൈഫിൾ കൊണ്ടുവന്ന് ഡിജെയുടെ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് സീനിയർ പോലീസ് സൂപ്രണ്ട് ചന്ദൻ സിൻഹ പറഞ്ഞു.
പ്രതി വെടിവച്ച ശേഷം സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ഡിജെയെ ഉടനെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.






