
സംസ്ഥാനത്ത് 461 പോലീസ് ഉദ്യോഗസ്ഥര്‍ സത്യപ്രതിജ്ഞ ചൊല്ലി സേനയുടെ ഭാഗമായി. സ്പെഷ്യല്‍ ആംഡ് പോലീസ്, കെഎപി മൂന്നാം ബറ്റാലിയന് എന്നീ വിഭാഗങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണ് തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് അഭിവാദ്യം സ്വീകരിച്ചത്. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ് ഉൾപ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
സേനാംഗങ്ങള്‍ ഒൻപതുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നത്. ശാരീരികക്ഷമത പരിശീലനം, ആയുധപരിശീലനം എന്നിവ കൂടാതെ യോഗ, കരാട്ടെ, നീന്തല്‍ എന്നിവയിലും വിവിഐപി സെക്യൂരിറ്റി, സോഷ്യല്‍ മീഡിയ, സൈബര്‍ ക്രൈം എന്നിവയിലും ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍, ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ചും ഇവര്‍ക്ക് പരിശീലനം നല്കി. എസ്.എ.പി യില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ മികച്ച ആള്‍റൗണ്ടറായി തെരഞ്ഞെടുക്കപ്പെട്ടത് എസ്. രതീഷ് ആണ്. മികച്ച ഔട്ട്ഡോര്‍ ആയി എസ്. ജി. നവീനും ഇന്‍ഡോര്‍ ആയി ബി.ജെ അഭിജിത്തും ഷൂട്ടറായി രാജ് രാജേഷും തെരഞ്ഞെടുക്കപ്പെട്ടു.
അനന്തു സാനുവാണ് കെ.എ.പി മൂന്നാം ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ മികച്ച ആള്‍റൗണ്ടറായത് . മികച്ച ഔട്ട്ഡോര്‍ ആയി സച്ചിന് സജീവും ഇന്‍ഡോര്‍ ആയി ജി.അനീഷും ഷൂട്ടറായി ആര്.സച്ചിനും തിരഞ്ഞെടുക്കപ്പെട്ടു.






