
തിരുവനന്തപുരം: പോലീസില്‍ ഗുണ്ടാബന്ധത്തിനു പുറമേ വട്ടിപ്പലിശ, ഭൂമിക്കച്ചവടം, പരാതികള്‍ സ്റ്റേഷനു പുറത്ത് ഒത്തുതീര്‍പ്പാക്കല്‍ തുടങ്ങി അവിഹിതമാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്ന അമ്പതിലേറെ ഉദ്യോഗസ്ഥരുണ്ടെന്നു വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി. ഇവരില്‍ പത്തോളം പേര് ഡിവൈ.എസ്.പിമാരാണ്.
നിര്‍ദിഷ്ട വികസനപദ്ധതി മേഖലകള്‍ കേന്ദ്രീകരിച്ച് ഈ ഉദ്യോഗസ്ഥരില്‍ പലരും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നതായും കണ്ടെത്തി. വിഴിഞ്ഞം തുറമുഖത്തിനു സമീപം ചില ഡിവൈ.എസ്.പിമാര്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. തലസ്ഥാനത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് ഈ ഉദ്യോഗസ്ഥര്‍ക്കായി ഭൂമി വാങ്ങുന്നത്. വസ്തുത്തര്ക്കങ്ങളിലെ ഒത്തുതീര്‍പ്പ് ഇത്തരം ഇടപാടുകള്‍ക്കു മറയാക്കുന്നു.
കൈക്കൂലി സമ്പാദ്യം വട്ടിപ്പലിശയ്ക്കു കൊടുക്കാന്‍ ഇവര്‍ക്ക് ഗുണ്ടാബന്ധമുള്ള അനുചരന്മാരുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കു രാഷ്ട്രീയപിന്ബലമുള്ളതാണ് ഇവരെ തിരിച്ചറിഞ്ഞാലും നടപടിയെടുക്കാനുള്ള തടസം. അഴിമതിക്കു കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ കള്ളക്കേസുകളില്‍ കുടുക്കാനും ഇത്തരക്കാര്‍ക്കു കഴിയുന്നു.
ഉദ്ഘാടനം ഡിവൈ.എസ്.പി; പൊന്നാട ചാര്‍ത്താന്‍ ഗുണ്ട!
തലസ്ഥാനത്തെ ഒരു പ്രമുഖ നടന്റെ ഫാന്‍സ് അസോസിയേഷന് സംഘടിപ്പിച്ച ചടങ്ങില്‍ പൊന്നാടയുമായി കാപ്പാ കേസ് പ്രതിയും പങ്കെടുത്തു. ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതാകട്ടെ തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളെ പിടികൂടാനുള്ള സ്ക്വാഡിന്റെ ചുമതലയുള്ള ഡിവൈ.എസ്.പിയും! എന്നാല്‍, വിവരം മുന്‍കൂട്ടിയറിഞ്ഞ സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു ഇടപെട്ട് ഡിവൈ.എസ്.പിയെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍നിന്നു വിലക്കി.
മുഖ്യമന്ത്രി നടത്താനിരുന്ന പോലീസ് യോഗം മാറ്റി
തിരുവനന്തപുരം: ഗുണ്ടാത്തലവന്റെ സല്‍ക്കാരത്തില്‍ പങ്കെടുത്ത ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ഡിവൈ.എസ്.പി: എം.ജി. സാബുവിനു സസ്പെന്ഷന്. 31-നു വിരമിക്കാനിരിക്കുന്ന ഇദ്ദേഹത്തിനെതിരേ കൂടുതല്‍ കടുത്തനടപടിയുണ്ടാകുമെന്നും സൂചന.
അതേസമയം, ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരാനിരുന്ന പോലീസ് ഉന്നതതലയോഗം മാറ്റിവച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ യോഗം വിളിച്ചുചേര്ക്കാനാവില്ലെന്ന നിയമോപദേശത്തേത്തുടര്ന്നാണിത്. ഐ.എ.എസ്. തലത്തില്‍ വിളിച്ചുചേര്‍ക്കാനിരുന്ന യോഗവും മാറ്റി.






